മുംബൈ: വാര്‍ത്താ അവതാരകന്‍ അര്‍ണബ് ഗോസ്വാമിക്കും റിപബ്ലിക് ടിവിക്കുമെരെ മാനനഷ്ടക്കേസ് നല്‍കി സുശാന്ത് സിങ് രജ്പുതിന്റെ അടുത്ത സുഹൃത്തും നിര്‍മാതാവുമായ സന്ദീപ് സിങ്. അര്‍ണബ് മാപ്പു പറയണമെന്നും 200 കോടി നഷ്ടപരിഹാരം നല്‍കണമെന്നുമാണ് സന്ദീപ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതാവശ്യപ്പെട്ട് അര്‍ണബ് ഗോസ്വാമിക്കും ചാനലിനും ലീഗല്‍ നോട്ടീസ് അയച്ചു.

പണം തട്ടിയെടുക്കാനുള്ള ക്രിമിനല്‍ ഉദ്ദേശത്തോടെ റിപബ്ലിക് ടിവി അപകീര്‍ത്തികരമായ വാര്‍ത്തകള്‍ സംപ്രേക്ഷണം ചെയ്തതായി ആറ് പേജുള്ള നോട്ടീസില്‍ പറയുന്നുണ്ട്. പ്രതിച്ഛായ പരസ്യമായി അപകീര്‍ത്തിപ്പെടുത്തിയതിനും ഇന്നുവരെ അര്‍ണബും റിപബ്ലിക് ടിവിയും അദ്ദേഹത്തിന് വരുത്തിയ നാശനഷ്ടങ്ങള്‍ക്കും 200 കോടി രൂപ നഷ്ടപരിഹാരവും ആവശ്യപ്പെട്ടിട്ടുണ്ട്.

റിപബ്ലിക് ചാനലും അര്‍ണബും ടിവി ചര്‍ച്ചകളിലും പ്രോഗ്രാമുകളിലും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലും എല്ലാ ദിവസവും തെളിവില്ലാതെ സന്ദീപിനെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്നും വ്യാജ വാര്‍ത്തകള്‍ പടച്ചുവിടുകയാണെന്നും അദ്ദേഹത്തിന്റെ അഭിഭാഷകന്‍ നോട്ടീസില്‍ പറയുന്നു. സി.ബി.ഐയും മറ്റ് ഏജന്‍സികളും നടത്തുന്ന അന്വേഷണങ്ങളില്‍ മനഃപ്പൂര്‍വ്വം ഇടപെടുകയാണെന്നും നോട്ടീസില്‍ പരാമര്‍ശിക്കുന്നുണ്ട്. ചാനല്‍ സന്ദീപ് സിങ്ങിനെ അപകീര്‍ത്തിപ്പെടുത്തിയെന്ന് പറയുന്ന 16 സന്ദര്‍ഭങ്ങളും നോട്ടീസില്‍ കൃത്യമായി പരാമര്‍ശിച്ചിട്ടുണ്ട്.

റിപബ്ലിക് ടിവിയിലും അവരുടെ പ്രിന്റ്, ഓണ്‍ലൈന്‍ മീഡിയകളിലും സന്ദീപിനെതിരായി വന്ന എല്ലാ വാര്‍ത്തകളും ദൃശ്യങ്ങളും എത്രയും പെട്ടന്ന് പൂര്‍ണ്ണമായും നീക്കണമെന്നും അതോടൊപ്പം സന്ദീപിനെ മനഃപ്പൂര്‍വ്വം അപകീര്‍ത്തിപ്പെടുത്തിയതിന് നിരുപാധികമായ പൊതു ക്ഷമാപണം രേഖാമൂലം നല്‍കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ക്ഷമാപണത്തില്‍ ക്ലയന്റിനെ കുറിച്ചുള്ള യഥാര്‍ഥ വസ്തുതകള്‍ ഉള്‍പ്പെടുത്തണമെന്നും അഭിഭാഷകന്‍ വ്യക്തമാക്കിയിട്ടുണ്ട്.