തിരുവനന്തപുരം: സംസ്ഥാന പൊലീസ് തലപ്പത്ത് അഴിച്ചുപണി നടക്കുന്നതിന്റെ ഭാഗമായി എ.ഡി.ജി.പി ബി സന്ധ്യയെ എ.ഡി.ജി.പിസ്ഥാനത്തുനിന്ന് മാറ്റി. പകരം അനില്‍കാന്തിനെ നിയമിച്ചു. കെ.പത്മകുമാറിനെ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷ്ണറാക്കി.

നടിയെ ആക്രമിച്ച കേസിന്റെ വിചാരണ തുടങ്ങാനിരിക്കെയാണ് അന്വേഷണത്തിന് നേതൃത്വം നല്‍കിയ എഡിജിപി ബി സന്ധ്യയെ അപ്രധാന തസ്തികയിലേക്ക് മാറ്റുന്നത്. ഉന്നത ഉദ്യോഗസ്ഥര്‍ പോലും അറിയാതെയാണ് ഈ അഴിച്ചുപണിയെന്നാണ് സൂചന. നേരത്തെ, നടിയെ ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് അന്വേണഷസംഘത്തിനകത്ത് അതൃപ്തി ഉടലെടുത്തിരുന്നു. കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ദിനേന്ദ്ര കശ്യപിനെ മുഖ്യമന്ത്രി കഴിഞ്ഞ ദിവസം നേരിട്ട് വിളിച്ചിരുന്നു. ദിലീപിന്റെ അറസ്റ്റുള്‍പ്പടെയുള്ള കാര്യങ്ങള്‍ ദിനേന്ദ്രേ കശ്യപ് അറിഞ്ഞിരുന്നില്ല. ഈ പ്രശ്‌നങ്ങളുടെ സാഹചര്യത്തിലാണോ സര്‍ക്കാര്‍ നടപടിയുണ്ടാവുന്നത്. എന്നാല്‍ മാറ്റത്തിന് പിന്നിലെ കാരണം മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കിയിട്ടില്ല.