തിരുവനന്തപുരം: ‘ചിത്രം വിചിത്രം’ അവതാരകന്‍ ലല്ലു ശശിധരന്‍പിള്ള ഏഷ്യാനെറ്റ് ന്യൂസില്‍ നിന്നും രാജിവെച്ചു. ഫേസ്ബുക്കില്‍ രാജിയെക്കുറിച്ച് വിശദീകരണം നല്‍കിയിട്ടുണ്ട് ലല്ലുശശിധരന്‍പിള്ള. ഏഷ്യാനെറ്റില്‍ സംഘപരിവാര്‍ അനുഭാവമുള്ളവരെ മാത്രം നിയമിച്ചാല്‍ മതിയെന്നുള്ള ചെയര്‍മാന്‍ രാജീവ് ചന്ദ്രശേഖരന്റെ തീരുമാനം പുറത്തറിഞ്ഞ് ഏതാനും ദിവസങ്ങള്‍ക്കു പിന്നാലെയാണ് ലല്ലുവിന്റെ രാജി. നേരത്തെ ന്യൂഡ് റീഡര്‍ ശരത്ചന്ദ്രനും ഏഷ്യാനെറ്റില്‍ നിന്നും രാജിവെച്ചിരുന്നു.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

സഖാക്കളെ സുഹൃത്തുക്കളെ…കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രചരിക്കുന്ന..നേരിട്ടും അല്ലാതെയും ഒരുപാട് പേര്‍ അന്വേഷിച്ച ആ വാര്‍ത്തയെക്കുറിച്ചാണ്…ഒന്‍പത് വര്‍ഷവും നാല് മാസവും നീണ്ട ഏഷ്യാനെറ്റ് ന്യൂസ് ജീവിതം അവസാനിക്കുകയാണ്..ഇക്കഴിഞ്ഞ ഏഴാം തീയതി രാജിക്കത്ത് നല്‍കി..ഇനി കുറച്ച് ദിവസങ്ങള്‍ കൂടി ഇവിടെയുണ്ടാകും..രാജിക്ക് പിന്നില്‍ പലരും ചിന്തിക്കുന്നത് പോലെ പൊളിറ്റിക്കലോ വ്യക്തിപരമായ പ്രശ്‌നങ്ങളോ ഒന്നുമില്ല…പൊളിറ്റിക്കലല്ല സിംപിള്‍ ഇക്കണോമിക്‌സ് മാത്രം..നോ എന്ന് പറയാന്‍ തോന്നാത്ത ഓഫര്‍ വന്നു..ഒരുപാട് ആലോചിച്ച ശേഷം യെസ് എന്ന് പറഞ്ഞു…പുതുതായി തുടങ്ങിയ ന്യൂസ് 18ല്‍ ചേരുകയാണ്..ഒരുടുപ്പ് മാറുന്നത് പോലെ ഒട്ടും എളുപ്പമല്ല ഈ മാറ്റം..കഴിഞ്ഞ ഒന്‍പത് വര്‍ഷം ഒരു മാധ്യമ പ്രവര്‍ത്തകനെന്ന നിലയില്‍ എനിക്കെല്ലാം തന്ന സ്ഥാപനമാണ് ഏഷ്യാനെറ്റ് ന്യൂസ്..ഹൃദയത്തില്‍ കൊണ്ട് നടക്കുന്ന സൗഹൃദങ്ങള്‍ തന്ന സ്ഥലമാണ്..ജീവിതത്തില്‍ തണല് തന്ന് കുടപോലെ നിന്ന സ്ഥാപനമാണ്…കുട ഉപേക്ഷിച്ച് പുറത്തേക്കിറങ്ങുകയാണ്…മുന്‍പൊരു പോസ്റ്റില്‍ കുറിച്ചത് പോലെ ഏത് മണ്ണിലും വളരുന്ന ഒരു മരമാണ് ഞാനെന്ന ആത്മവിശ്വാസമാണ് എന്നെ നയിക്കുന്നത്..ഈ ഘട്ടത്തില്‍ ഒരു മാറ്റം വേണമെന്ന് തോന്നി..എല്ലാം നല്ലതിനാണെന്ന് പ്രതീക്ഷിക്കുന്നു..ഒരു പുതിയ ടീം…പുതിയ തുടക്കം..മാധ്യമ പ്രവര്‍ത്തകനെന്ന നിലയില്‍ എന്നെ പ്രോത്സാഹിപ്പിക്കുകയും വിമര്‍ശിക്കുകയും ചെയ്ത എല്ലാവരും ഇനിയുള്ള യാത്രയിലും കൂടെയുണ്ടാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു…സുഹൃത്തുക്കളോട് ഇത് പ്രത്യേകിച്ച് പറയേണ്ടെന്ന് അറിയാം…ഇപ്പോഴുള്ളത് പോലൊക്കെത്തന്നെ മുന്നോട്ട് പോകും..അപ്പോ ശരി.