കൊച്ചി: സിനിമ ചിത്രീകരണത്തിനിടെ പതിനേഴുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന വെളിപ്പെടുത്തല്‍ വിശദീകരണവുമായി നടി രേവതി. സിനിമാ മേഖലയിലെ അരക്ഷിതാവസ്ഥ സൂചിപ്പിക്കുന്നതിനാണ് 17 വയസ്സുള്ള പെണ്‍കുട്ടിയെ ഭയപ്പെടുത്തിയ സംഭവം താന്‍ വിവരിച്ചതെന്ന് രേവതി പറഞ്ഞു.

ഇന്നലെ ഡബ്ല്യുസിസി കൊച്ചിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കു നേരെ ഷൂട്ടിങിനിടെ പീഡന ശ്രമമുണ്ടായതായി രേവതി വെളിപ്പെടുത്തിയത്. എന്നാല്‍ സംഭവം വിവാദമായതോടെ പെണ്‍കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടില്ലെന്ന് രേവതി വിശദീകരിച്ചു.

രാത്രി പെണ്‍കുട്ടിയുടെ മുറിയുടെ വാതിലില്‍ ആരോ തട്ടിവിളിച്ചതാണ്. ഇതുകേട്ട് ഭയന്നാണ് അവള്‍ തന്റെ അരികിലെത്തിയതെന്നും രേവതി വ്യക്തമാക്കി.

26 വര്‍ഷം മുമ്പ് നടന്ന സംഭവം ഇപ്പോള്‍ പ്രസക്തമാണ് എന്ന് തോന്നിയതിനാലാണ് വാര്‍ത്താസമ്മേളനത്തില്‍ സൂചിപ്പിച്ചത്. എന്നാല്‍ ഇത് ഒന്നര വര്‍ഷം മുമ്പ് നടന്നതാണെന്ന് വരുത്തിതീര്‍ക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്. വര്‍ഷങ്ങള്‍ക്കു മുമ്പ് ഇതേക്കുറിച്ച് തുറന്നുപറയാന്‍ ധൈര്യമില്ലാതിരുന്നതിനാലാണ് പറയാത്തതെന്നും അവര്‍ വ്യക്തമാക്കി.

’17 വയസുള്ള കുട്ടി ഒരു ദിവസം രാത്രി എന്റെ വാതിലില്‍ മുട്ടി ചേച്ചീ എന്നെ രക്ഷിക്കൂ എന്ന് പറഞ്ഞു. ആ സംഭവം എന്റെ ഉള്ളില്‍ ഇപ്പോഴും ഉണ്ട്. അത് ആര്‍ക്കും ഇനി സംഭവിക്കാന്‍ പാടില്ല’. എന്നായിരുന്നു വാര്‍ത്താസമ്മേളനത്തില്‍ രേവതിയുടെ വെളിപ്പെടുത്തല്‍. അതേസമയം രേവതിയുടെ വെളിപ്പെടുത്തലില്‍ കേസെടുക്കണമെന്നാവശ്യപ്പെട്ട് പൊലീസിന് പരാതി ലഭിച്ചിട്ടുണ്ട്.