മുംബൈ: നടി റിച്ച ഛദ്ദയ്‌ക്കെതിരെയുള്ള വിവാദ പരാമര്‍ശത്തില്‍ മാപ്പു പറഞ്ഞ് പായല്‍ ഘോഷ്. പരാമര്‍ശത്തിനെതിരെ റിച്ച നല്‍കിയ അപകീര്‍ത്തി കേസിലാണ് മാപ്പു പറയാന്‍ സന്നദ്ധമാണെന്ന് പായല്‍ അറിയിച്ചത്. ബോംബെ ഹൈക്കോടതിയിലാണ് റിച്ച കേസ് ഫയല്‍ ചെയ്തിരുന്നത്.

പായല്‍ ഘോഷിനെതിരെ റിച്ച ഛദ്ദ 1.1 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് മാനനഷ്ടക്കേസ് നല്‍കിയിരുന്നത്. സംവിധായകന്‍ അനുരാഗ് കശ്യപ് റിച്ചയെ ലൈംഗികമായി ചൂഷണം ചെയ്തു എന്നായിരുന്നു ആരോപണം. റിച്ചയ്ക്ക് പുറമേ, ഹുമ ഖുറേഷിയും മഹിയ ഗില്ലും കശ്യപിന്റെ ലൈംഗിക ചൂഷണത്തിന് ഇരയായിട്ടുണ്ടെന്ന് പായല്‍ അവകാശപ്പെട്ടിരുന്നു.

റിച്ചയെയും മറ്റുള്ളവരെയും ഒരു ഫോണ്‍വിളിയില്‍ കിട്ടുമെന്ന് അനുരാഗ് പറഞ്ഞു എന്നാണ് പായല്‍ ഒരഭിമുഖത്തില്‍ പറഞ്ഞിരുന്നത്. എന്നാല്‍, നടിമാര്‍ ഇക്കാര്യം നിഷേധിക്കുകയും സംവിധായകനു പിന്തുണ അറിയിക്കുകയുമാണ് ചെയ്തത്. പിന്നാലെയാണ് റിച്ച കോടതിയെ സമീപിച്ചത്.

പായലിനെതിരെ രൂക്ഷമായ ഭാഷയിലാണ് അനുരാഗ് പ്രതികരിച്ചിരുന്നത്.’കൊള്ളാം, എന്നെ നിശബ്ദനാക്കാനുള്ള ശ്രമത്തിന് നിങ്ങള്‍ക്ക് വളരെയധികം സമയമെടുക്കേണ്ടി വന്നു. അത് സാരമില്ല. എന്നെ നിശബ്ദനാക്കാനുള്ള ശ്രമത്തില്‍, നിങ്ങള്‍ സ്വയം ഒരു സ്ത്രീയായിരുന്നിട്ടു പോലും മറ്റ് സ്ത്രീകളെ ഇതിലേക്ക് വലിച്ചിഴച്ചു. എല്ലാത്തിനും ഒരു പരിധിയുണ്ട് മാഡം. ഈ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് മാത്രമേ എനിക്ക് പറയാനുള്ളൂ’ എന്നാണ് സംവിധായകന്‍ പറഞ്ഞിരുന്നത്.