മുംബൈ: സംവിധായകന്‍ അനുരാഗ് കശ്യപിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച നടി പായല്‍ ഘോഷ് എന്‍ഡിഎ ഘടകക്ഷിയായ റിപ്പബ്ലിക് പാര്‍ട്ടി ഓഫ് ഇന്ത്യയില്‍ ചേര്‍ന്നു. പാര്‍ട്ടി അധ്യക്ഷനും കേന്ദ്രമന്ത്രിയുമായ രാംദാസ് അത്തേവാലയുടെ സാന്നിധ്യത്തിലായിരുന്നു ഇവരുടെ പാര്‍ട്ടി പ്രവേശം.

പാര്‍ട്ടിയില്‍ ചേര്‍ന്ന പായല്‍ ഘോഷിനെ സ്വാഗതം ചെയ്യുന്നതായി അത്തേവാല പ്രതികരിച്ചു. പാര്‍ട്ടിയുടെ വനിതാ വിഭാഗത്തിന്റെ ഉപാധ്യക്ഷയായി ഇവരെ നിയമിച്ചിട്ടുണ്ട്. 2011ലാണ് പാര്‍ട്ടി എന്‍ഡിഎയ്ക്ക് ഒപ്പം ചേര്‍ന്നത്. സാമൂഹിക നീതി വകുപ്പ് സഹമമന്ത്രിയാണ് അത്തേവാല.

സെപതംബര്‍ 20നാണ് പായല്‍ ഘോഷ്, കശ്യപിനെതിരെ ലൈംഗികാരോപണം ഉന്നയിച്ചിരുന്നത്. സംഭവത്തില്‍ ഒക്ടോബര്‍ ഒന്നിന് വെര്‍സോവ പൊലീസ് സംവിധായകനെ ചോദ്യം ചെയ്തിരുന്നു. മുംബൈ പൊലീസ് കേസുമായി മുമ്പോട്ടു പോയിട്ടില്ലെങ്കില്‍ നിരാഹാരമിരിക്കുമെന്ന് നേരത്തെ അവര്‍ പറഞ്ഞിരുന്നു.