അഷ്‌റഫ്‌ വേങ്ങാട്ട്

റിയാദ് : ആശുപത്രി ജീവനക്കാരുമായി റിയാദില്‍നിന്ന് ജിദ്ദയിലേക്ക് പോയ മിനിബസ് അപകടത്തില്‍പെട്ട് രണ്ട് മലയാളി നഴ്സുമാരും വാനിന്റെ ഡ്രൈവറും മരിച്ചു. വൈക്കം വഞ്ചിയൂർ സ്വദേശിനി അഖില (29) കൊല്ലം ആയൂരിലെ സുബി (33) എന്നിവരാണ് മരിച്ച മലയാളി നഴ്സുമാർ. ഇവർ സഞ്ചരിച്ച മിനി ബസ് ഞായറാഴ്ച പുലർച്ചെ നാലരയോടെ തായിഫിനടത്തുവെച്ചാണ് അപകടത്തില്‍ പെട്ടത്. റിയാദിലെത്തി ക്വാറന്‍റൈന്‍ പൂർത്തിയാക്കി ജിദ്ദയിലെ വിവിധ ആശുപത്രിയിലേക്ക് ജോലിക്ക് പോയതായിരുന്നു.

ഡ്രൈവറടക്കം എട്ട് പേരാണ് വാഹനത്തിലുണ്ടായിരുന്നത്. കൊല്‍ക്കത്ത സ്വദേശിയായ ഡ്രൈവറും മരിച്ചതായാണ് വിവരം. മിനി ബസ്സിലുണ്ടായിരുന്ന മലയാളികളായ മറ്റു രണ്ട് നഴ്സുമാർ തായിഫ് കിംഗ് ഫൈസല്‍ ആശുപത്രിയിലാണ്. ആന്‍സി, പ്രിയങ്ക എന്നിവരാണ് ആശുപത്രിയിലുള്ളത്. മറ്റു മൂന്ന് പേർ തമിഴ്നാട് സ്വദേശിനികളാണ്. കുമുദ,രജിത, റോമിയോ കുമാർ.

ശനിയാഴ്ച വൈകീട്ടാണ് ഇവർ റിയാദിനടുത്ത അൽഖർജിൽ നിന്ന് ജിദ്ദയിലേക്ക് യാത്ര തിരിച്ചത്. ഡ്രൈവർ ഉറങ്ങി പോയതാണ് അപകട കാരണമെന്ന് കരുതുന്നു. യാത്രക്കിടെ ഡ്രൈവർ ഉറക്കത്തിലേക്ക് വഴുതി വീഴുന്നത് കണ്ട നഴ്‌സുമാർ ഇദ്ദേഹത്തോട് വിശ്രമിച്ച് ഉറങ്ങിയ ശേഷം യാത്ര തുടരാൻ ആവശ്യപ്പെട്ടിരുന്നുവത്രേ.

കഴിഞ്ഞ ഫെബ്രുവരി 3നു യു എൻ എ ചാർട്ടർ ചെയ്ത വിമാനത്തിൽ റിയാദിലെത്തി അൽഖർജിൽ ക്വാറന്റൈൻ പൂർത്തിയാക്കി ജിദ്ദയിലേക്കുള്ള യാത്രാമദ്ധ്യേയാണ് അപകടം. കെഎംസിസി തായിഫ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് മുഹമ്മദ്‌ സാലിയും യു എൻ എ പ്രവർത്തകരും അപകടത്തിൽ പെട്ടവർക്ക് സഹായവുമായി രംഗത്തുണ്ട്