ഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെയുള്ള കര്‍ഷക പ്രക്ഷോഭം ശക്തമായി തുടരുമ്പോള്‍ ബിജെപിയെ പ്രതിരോധത്തിലാക്കി ഒരു ഘടക കക്ഷി കൂടി രംഗത്ത്. രാജസ്ഥാനില്‍ നിന്നുള്ള ഹനുമാന്‍ ബെനിവാലിന്റെ രാഷ്ട്രീയ ലോക്താന്ത്രിക് പാര്‍ട്ടിയാണ് പരസ്യമായി ബിജെപിക്ക് എതിരെ രംഗത്തുവന്നിരിക്കുന്നത്.

കര്‍ഷക പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച മൂന്ന് പാര്‍ലമെന്റ് സമിതികളില്‍ നിന്ന് ബെനിവാല്‍ രാജിവെച്ചു. കര്‍ഷക പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച് ഡിസംബര്‍ 26ന് രാജസ്ഥാനില്‍ നിന്ന് കര്‍ഷകരും യുവാക്കളുമടങ്ങിയ രണ്ടുലക്ഷം പേരെ പങ്കെടുപ്പിച്ച് ഡല്‍ഹിയിലേക്ക് മാര്‍ച്ച് നടത്തുമെന്ന് അദ്ദേഹം വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. എന്‍ഡിഎയില്‍ തുടരുന്ന കാര്യത്തിലും അന്നേദിവസം തീരുമാനമെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജസ്ഥാനില്‍ മൂന്ന് എംഎല്‍എമാരാണ് ആര്‍എല്‍പിക്കുള്ളത്.

അതേസമയം, ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഘട്ടര്‍ കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമറുമായി കൂടിക്കാഴ്ച നടത്തി. കര്‍ഷക പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ ഹരിയാനയിലും എന്‍ഡിഎ ഘടകക്ഷികള്‍ക്കിടയില്‍ ഭിന്നത രൂപപ്പെട്ടിട്ടുണ്ട്.