മ്യാന്മര്‍: മ്യാന്മറില്‍ റോഹിങ്ക്യന്‍ മുസ്‌ലിങ്ങളെ കൂട്ടക്കുരുതി നടത്തിയെന്നും ബലാത്സംഗത്തിനു ഇരയാക്കിയെന്നും യുഎന്‍. കടുത്ത മനുഷ്യാവകാശ ലംഘനമാണ് മ്യാന്‍ന്മാറില്‍ നടന്നതെന്നും യുഎന്‍ നിരീക്ഷിച്ചു. കൂട്ടക്കുരുതി ഐക്യരാഷ്ട്രസഭ അന്വേഷിക്കാനും തീരുമാനമായി. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ ക്രൂരമായ ആക്രമണങ്ങള്‍ സൈന്യം നടത്തിയതിന്റെ തെളിവുകള്‍ പുറത്തുവന്നിരുന്നു. യുഎന്‍ മനുഷ്യാവകാശ വിഭാഗത്തിന്റെ പ്രത്യേക അന്വേഷണ ദൗത്യ സംഘം മ്യാന്മറിലേക്ക് പുറപ്പെടുമെന്ന് യുഎന്‍ വക്താക്കള്‍ അറിയിച്ചു. ഇന്ത്യ, യൂറോപ്യന്‍ യൂണിയന്‍, ക്യൂബ, ചൈന എന്നീ രാജ്യങ്ങളിലെ പ്രതിനിധികളുടെ പൂര്‍ണ പിന്തുണ അന്വേഷണ സംഘത്തിനുണ്ടാകും.

പത്ത് ലക്ഷത്തോളം ജനങ്ങളാണ് കഴിഞ്ഞ ഒക്‌ടോബറില്‍ റാഖിനെയിലുണ്ടായ ആക്രമണത്തെ തുടര്‍ന്ന് വിവിധ രാജ്യങ്ങളിലേക്ക് പലായനം ചെയ്തത്. സമാധാന നൊബേല്‍ ജേതാവ് ആങ് സാന്‍ സൂകിയുടെ ഭരണകൂടം അനുകൂലമായ സമീപനമാണ് റോഹിങ്ക്യന്‍ കൂട്ടക്കുരുതി നടത്തിയ സൈന്യത്തോട് കാണിച്ചതെന്നും ആരോപണം ഉയര്‍ന്നിരുന്നു. ബുദ്ധ തീവ്രവാദികളെ സൂകി ഭരണകൂടം പൂര്‍ണമായും പിന്തുണക്കുകയാണ്. റോഹിങ്ക്യന്‍ മുസ്‌ലിംകള്‍ക്കെതിരെ ക്രൂരമായ ആക്രമണമാണ് സൈന്യവും സര്‍ക്കാര്‍ പിന്തുണയോടെ പൊലീസും നടത്തിയതെന്ന ഐക്യരാഷ്ട്ര സഭയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. കൂട്ടക്കൊല, ബലാത്സംഗം, ആക്രമണം, നരഹത്യ തുടങ്ങിയ ക്രൂരതകള്‍ റാഖിനെയില്‍ നടന്നിട്ടുണ്ടെന്ന് ഫെബ്രുവരിയില്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ യുഎന്‍ വ്യക്തമാക്കിയിരുന്നു.സ്വതന്ത്രരായ അന്താരാഷ്ട്ര അന്വേഷണ സംഘത്തെ അടിയന്തരമായി മ്യാന്മറിലേക്ക് അയക്കാനും എല്ലാ വിഷയങ്ങളിലും കൃത്യമായ അന്വേഷണം നടത്താനും ജനീവയില്‍ നടന്ന യുഎന്‍ മനുഷ്യാവകാശ കൗണ്‍സില്‍ തീരുമാനിച്ചു.
കുറ്റവാളികളെ കണ്ടെത്തുകയും ഇരകളുടെ നീതിക്ക് വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന സംഘത്തെയായിരിക്കും ഇതിനായി നിയമിക്കുക. ഇന്ത്യ, യൂറോപ്യന്‍ യൂണിയന്‍, ക്യൂബ, ചൈന എന്നീ രാജ്യങ്ങളിലെ പ്രതിനിധികളുടെ പൂര്‍ണ പിന്തുണ അന്വേഷണ സംഘത്തിനുണ്ടാകും.
ബംഗ്ലാദേശിലും മറ്റും കഴിയുന്ന അഭയാര്‍ഥികളുമായി സംസാരിച്ച് അന്വേഷണ റിപ്പോര്‍ട്ട് പൂര്‍ത്തിയാക്കാനാണ് യുഎന്‍ തീരുമാനം.