കോഴിക്കോട്: ദളിത് ആക്റ്റിവിസ്റ്റ് രജീഷ്‌പോളിനെതിരെ ലൈംഗിക ആരോപണവുമായി രൂപേഷ്-ഷൈന ദമ്പതികളുടെ മകള്‍ രംഗത്ത്. 16-ാം വയസ്സില്‍ രാജേഷ്‌പോള്‍ തന്നെ ശാരീരികമായി പീഡിപ്പിച്ചുവെന്ന് പെണ്‍കുട്ടി പറയുന്നു. മാവോയിസ്റ്റ് ബന്ധമാരോപിച്ച് ജയിലില്‍ കഴിയുകയാണ് രൂപേഷ്-ഷൈന ദമ്പതികള്‍. ഇരയായ പെണ്‍കുട്ടി ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

കഴിഞ്ഞ ദിവസം രജീഷിനെതിരെയുള്ള സ്ത്രീകളുടെ ആരോപണം ആദ്യം വെളിപ്പെടുത്തിയത് ദളിത് പ്രവര്‍ത്തകയും ചിന്തകയുമായ രേഖ രാജ് ആയിരുന്നു. അതിന് പിന്നാലെ രജീഷിനെതിരെ ആരോപണവുമായി മറ്റൊരു യുവതിയും രംഗത്തെത്തിയിരുന്നു. തുടര്‍ന്നാണ് രൂപേഷിന്റെ മകളും വെളിപ്പെടുത്തിയത്.

വീട്ടില്‍ അക്കാലത്ത് നിരന്തരമായി ഉണ്ടായിരുന്ന പൊലീസ് റൈഡുകളില്‍ പ്രതിഷേധിച്ച് ഫേസ്ബുക്ക് കൂട്ടായ്മയുടെ പേരില്‍ റോസാപ്പൂക്കളും മിഠായികളും കൊണ്ട് തന്നേയും അനുജത്തിയേയും കാണാന്‍ സുഹൃത്തുക്കള്‍ വന്നിരുന്നു. അക്കൂട്ടത്തിലാണു രജീഷിനെ കാണുന്നത്. അതിനു ശേഷം അയാളെന്നെ തുടര്‍ച്ചയായി വിളിക്കുമായിരുന്നു. സ്‌കൂളിലെ വിശേഷങ്ങള്‍, വീട്ടിലെ വിശേഷങ്ങള്‍ എല്ലാം അയാള്‍ വിളിച്ചന്വേഷിക്കുമായിരുന്നു. അക്കാലത്ത് എല്ലാ സ്‌കൂള്‍ അവധിക്കും രജീഷിന്റേയും അപര്‍ണയുടേയുമൊപ്പം അവരുടെ കണ്ണൂര്‍ പിലാത്തറയുലുള്ള വീട്ടില്‍ പോവുമായിരുന്നു. അടുത്ത വെക്കേഷനു അയാളുടെ അടുത്ത് പോയപ്പോള്‍ അയാള്‍ ലൈംഗികമായി അബ്യൂസ് ചെയ്തു. എന്റെ ചിത്രങ്ങള്‍ അയാളുടെ കയ്യിലുണ്ടെന്നും അത് ഫേസ്ബുക്കില്‍ ഇടുമെന്നും പറഞ്ഞു ഭീക്ഷണിപ്പെടുത്തി. 16 വയസ്സുകാരിക്ക് അത് താങ്ങാവുന്നതിലും അപ്പുറത്തായിരുന്നു അതെന്നും പെണ്‍കുട്ടി പറഞ്ഞു.

വെളിപ്പെടുത്തല്‍ വന്നതോടെ രജീഷിനെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് പോക്‌സോ നിയമപ്രകാരം കേസെടുക്കണമെന്നാണ് ഉയര്‍ന്നുവരുന്ന ആവശ്യം.

നേരത്തെ, ആരോപണ വിധേയനായ ദളിത് ആക്റ്റിവിസ്റ്റ് രൂപേഷ് കുമാറും രജീഷ് പോളും തങ്ങളുടെ ഫേസ്ബുക്ക് അക്കൗണ്ടുകള്‍ ഡി ആക്റ്റിവേറ്റ് ചെയ്ത് ഒളിവില്‍പ്പോയിരിക്കയാണ്. പീഡനവിവരം പുറത്തുവന്നതോടെ പെണ്‍കുട്ടിയെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയിലുള്ള പോസ്റ്റുകള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്.