ന്യൂഡല്‍ഹി: റിസര്‍വ് ബാങ്കിനെ ഇരുട്ടില്‍ നിര്‍ത്തിയാണ് ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ പിന്‍വലിച്ചതെന്ന കോണ്‍ഗ്രസ് ആരോപണത്തിന് മറുപടിയുമായി കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ്.

ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ കേന്ദ്ര ബാങ്കിന്റെ അനുമതിയോടെ തന്നെയാണ് പിന്‍വലിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. നോട്ടുനിരോധനം എന്നത് തെറ്റായ വാക്കാണ്. നോട്ടുകള്‍ പിന്‍വലിക്കാന്‍ അധികാരമുള്ള റിസര്‍വ് ബാങ്കിന്റെ ശിപാര്‍ശ പ്രകാരമായിരുന്നു സര്‍ക്കാര്‍ പ്രഖ്യാപനം.
സാമാന്യ സാമ്പത്തിക ബോധമുള്ളവര്‍ക്ക് ഇതിനെ നോട്ടു നിരോധനമെന്നു വിളിക്കാനാവില്ല- അദ്ദേഹം പറഞ്ഞു. ന്യൂഡല്‍ഹിയില്‍ പി.എച്ച്.ഡി ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രി സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു നിയമമന്ത്രി. കള്ളപ്പണത്തിനെതിരെയുള്ള സര്‍ക്കാറിന്റെ നടപടികള്‍ എടുത്തു പറഞ്ഞ മന്ത്രി ആദ്യ കാബിനറ്റ് യോഗത്തില്‍ തന്നെ ഇതിനെ നിയന്ത്രിക്കാനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നതായും ചൂണ്ടിക്കാട്ടി.

ഇന്ത്യയിലെ കള്ളപ്പണ നിക്ഷേപമുണ്ടെന്ന് പറയപ്പെടുന്ന മൗറീഷ്യസ്, സൈപ്രസ് എന്നീ രാഷ്ട്രങ്ങളുമായുള്ള ഇരട്ട നികുതി ഉടമ്പടിയില്‍ സര്‍ക്കാര്‍ കൂടിയാലോചനകള്‍ ആരംഭിച്ചിട്ടുണ്ട്. നോട്ടുകള്‍ അസാധുവാക്കാനുള്ള സര്‍ക്കാര്‍ നീക്കം ശരിയായ ദിശയിലാണെന്നും അദ്ദേഹം അവകാശപ്പെട്ടു.