കണ്ണൂര്‍: ആര്‍.എസ്.എസ് രാമന്തളി മണ്ഡലം കാര്യവാഹക് ചൂരിക്കാട്ട് ബിജുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിലെ ഏഴു പ്രതികളെയും തിരിച്ചറിഞ്ഞതായി പൊലീസ്. ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ് ഇവരെന്ന് പൊലീസ് പറഞ്ഞു. പയ്യന്നൂര്‍ സ്വദേശി റിനീഷ്, അനൂപ് എന്നിവരടങ്ങുന്ന സംഘമാണ് കൊലക്കു പിന്നിലെന്നാണ് വിവരം.

അതേസമയം പ്രതികള്‍ സഞ്ചരിച്ചിരുന്ന കാര്‍ പൊലീസ് ഇന്നു രാവിലെ കസ്റ്റഡിയില്‍ എടുത്തു. പൊലീസ് പട്രോളിങിനിടെയാണ് കാര്‍ കണ്ടെത്തിയത്. പൊലീസിനെ കണ്ടതും ഡ്രൈവര്‍ വാഹനമുപേക്ഷിച്ച് രക്ഷപ്പെട്ടു. രക്ഷപ്പെടുംമുമ്പ് ഇയാള്‍ കാറില്‍ മുളകുപൊടി വിതറിയിരുന്നതായും പൊലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് കാറുടമ ഉള്‍പ്പെടെ രണ്ടു പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
വെള്ളിയാഴ്ച വൈകിട്ടാണ് ബിജു കൊല്ലപ്പെടുന്നത്. കാറിലെത്തിയ സംഘം ബിജുവിന്റെ ബൈക്ക് ഇടിച്ചുവീഴ്ത്തിയ ശേഷം വെട്ടികൊലപ്പെടുത്തുകയായിരുന്നുവെന്നാണ് വിവരം.