മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കറന്‍സി രഹിത സാമ്പത്തിക വ്യവസ്ഥയെന്ന വീരവാദം തള്ളി ആര്‍.എസ്.എസ്. ഇന്ത്യക്ക് ഒരിക്കലും പൂര്‍ണമായി കറന്‍സി രഹിതമാകാന്‍ സാധിക്കില്ലെന്ന് ആര്‍.എസ്.എസ് നേതാവ് മോഹന്‍ ഭാഗവത് പറഞ്ഞു. മുംബൈ സ്‌റ്റോക് എക്‌സ്‌ചേഞ്ച് നടത്തിയ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ആര്‍.എസ്.എസ് മേധാവി.

സാങ്കേതികവിദ്യയിലും മറ്റും എത്ര വലിയ വിപ്ലവങ്ങള്‍ സംഭവിച്ചാലും ഇന്ത്യക്ക് ഒരിക്കലും പൂര്‍ണമായി കറന്‍സി രഹിതമാകാന്‍ സാധിക്കില്ല. കറന്‍സി രഹിത സമ്പദ്‌വ്യവസ്ഥ സൃഷ്ടിക്കുകയെന്നത് മികച്ച ആശയമാണ്. എന്നാല്‍ അതിന് ചില നിയന്ത്രണങ്ങളുണ്ട്. അതിനാല്‍ പ്രതീക്ഷിക്കപ്പെടുന്ന ഗുണഫലങ്ങള്‍ പൂര്‍ണമായി നേടാനാകില്ല. ഇന്ത്യക്ക് ഏപ്പോള്‍ വേണമെങ്കിലും കറന്‍സി രഹിതമാകാം. എന്നാല്‍ പൂര്‍ണമായി കറന്‍സി രഹിതമാകാന്‍ കഴിയില്ല- ഭഗവത് പറഞ്ഞു.

എയര്‍ ഇന്ത്യ സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കങ്ങളേയും ആര്‍.എസ്.എസ് മേധാവി വിമര്‍ശിച്ചു. വ്യോമയാന മേഖലയെ വിദേശ നിക്ഷേപങ്ങള്‍ പരിമിതപ്പെടുത്തി സംരക്ഷിച്ചുനിര്‍ത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ജര്‍മനിയെ ഇക്കാര്യത്തില്‍ മാതൃകയാക്കാവുന്നതാണ്. കടത്തിലുള്ള വിമാന കമ്പനിയെന്ന് എയര്‍ ഇന്ത്യയെ വിളിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.