കാസര്‍ക്കോട്: രാജ്യവ്യാപകമായി വിദ്യാഭ്യാസരംഗത്ത് നടപ്പാക്കുന്ന സംഘപരിവാര്‍വല്‍ക്കരണം കേരളത്തിലേക്കും വ്യാപിപ്പിക്കുന്നു. കാസര്‍ക്കോട് കേന്ദ്രസര്‍വകലാശാലയുടെ പ്രോ.വൈസ് ചാന്‍സലറായി ആര്‍.എസ്.എസ് നേതാവും ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന വൈസ് പ്രസിഡണ്ടുമായ ഡോ. കെ ജയപ്രസാദ് സ്ഥാനമേറ്റു.

ബുധനാഴ്ച തിരുവനന്തപുരത്ത് ചേര്‍ന്ന സര്‍വകലാശാല എക്‌സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനം. പ്രോ.വൈസ് ചാന്‍സലറുടെ നിയമനം വി.സിയുടെ വിവേചനാധികാരത്തില്‍ പെടുന്നതാണ്. വൈസ് ചാന്‍സലര്‍ ഡോ.ജി ഗോപകുമാറിന്റെ ശിഷ്യനായിരുന്നു ജയപ്രസാദ്. അതുകൊണ്ട് ജയപ്രസാദിനെ നിയമിക്കാനുള്ള തീരുമാനത്തെ അദ്ദേഹം എതിര്‍ത്തില്ല.

കേരളത്തിലെ ആര്‍.എസ്.എസിന്റെ വളര്‍ച്ചയെക്കുറിച്ചുള്ള ഗവേഷണത്തിനാണ് ജയപ്രസാദിന് ഡോക്ടറേറ്റ് ലഭിച്ചിട്ടുള്ളത്. ആര്‍.എസ്.എസ് ആയതില്‍ അഭിമാനിക്കുന്നു എന്ന് പരസ്യമായി പറഞ്ഞിട്ടുള്ള ആളാണ് ഇദ്ദേഹം.