ന്യൂഡല്‍ഹി: ബി.ജെ.പി സംസ്ഥാന അധ്യക്ഷ പദവി ഏറ്റെടുക്കാന്‍ ആര്‍.എസ്.എസ് നേതാക്കള്‍ വിമുഖത കാണിച്ചതോടെ ബി.ജെ.പി പ്രസിഡന്റ് സ്ഥാനത്ത് സംസ്ഥാന നേതാക്കള്‍ക്കു തന്നെ സാധ്യതയേറി. ആര്‍.എസ്.എസ് അഖിലേന്ത്യാ നേതൃനിരയിലെ ജെ.നന്ദകുമാര്‍, ബാലശങ്കര്‍ എന്നിവരാണ് കേരളത്തിലേക്കില്ലെന്ന് നേതൃത്വത്തെ അറിയിച്ചത്. ഇതോടെയാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് സംസ്ഥാന നേതാക്കളുടെ പേര് വീണ്ടും ഉയര്‍ന്നത്. ഇതുസംബന്ധിച്ച് വെള്ളിയാഴ്ച പാര്‍ട്ടി തീരുമാനമുണ്ടാകുമെന്നാണ് വിവരം.
വെള്ളിയാഴ്ച കൊച്ചിയിലെത്തുന്ന കേന്ദ്ര നേതാക്കള്‍ സംസ്ഥാന ഭാരവാഹികളുമായി ആലോചിച്ച് പുതിയ പ്രസിഡന്റിന്റെ കാര്യത്തില്‍ തീരുമാനമെടുക്കും.
മിസോറാം ഗവര്‍ണറായി കുമ്മനം രാജശേഖരന്‍ തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് അധ്യക്ഷ സ്ഥാനം ഒഴിവായത്. തീരുമാനം വൈകുകയാണെങ്കില്‍ തല്‍ക്കാലം ചുമതലയുള്ള ആളെ കണ്ടെത്താനും ചര്‍ച്ചകളുണ്ടാകും.
അതിനിടെ, കുമ്മനത്തിനെതിരെ മിസോറാമില്‍ പ്രതിഷേധം കൂടുതല്‍ കനത്തു.