ചേര്‍ത്തല: പൊലീസും ആര്‍.എസ്.എസ് പ്രവര്‍ത്തകരും തമ്മില്‍ നടന്ന സംഘര്‍ഷത്തെ തുടര്‍ന്ന് ചേര്‍ത്തലയില്‍ നാളെ സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ ഹര്‍ത്താല്‍.

വളമംഗലത്തെ തുറവൂര്‍ മാധവം ബാലികാ സദനത്തിലെ അന്തേവാസിയുടെ വിവാഹ ചടങ്ങുകള്‍ പോലീസ് അലങ്കോലപ്പെടുത്തിയെന്ന് ആരോപിച്ചാണ് ഹര്‍ത്താല്‍. ആര്‍എസ്എസ് പ്രവര്‍ത്തകരെ ആക്രമിച്ച എസ്ഐക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് തിങ്കളാഴ്ച രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെ ചേര്‍ത്തല താലൂക്കില്‍ ഹര്‍ത്താല്‍ ആചരിക്കുമെന്ന് ബി.ജെ.പി. ജില്ലാ പ്രസിഡന്റ് കെ. സോമന്‍ അറിയിച്ചു.

അതേസമയം ബാലികാസദനത്തില്‍ എത്തിച്ചേര്‍ന്ന പോലീസ് സംഘത്തെ ആര്‍.എസ്.എസ്. പ്രവര്‍ത്തകര്‍ തടഞ്ഞതാണ് സംഘര്‍ഷത്തിനിടയാക്കിയതെന്ന് ആരോപണമുണ്ട്. വിവാഹ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ വളമംഗലത്തെ വീടാക്രമണ കേസിലെ പ്രതിയെ പിടികൂടാനെത്തിയ പോലീസ് സംഘത്തെ ഒരു സംഘമാളുകള്‍ മര്‍ദിക്കുകയായിരുന്നെന്നാണ് പൊലീസ് പറയുന്നത്. പോലീസുകാരെ മര്‍ദിക്കുകയും പോലീസ് ജീപ്പ് തല്ലിത്തകര്‍ക്കുകയും ചെയ്തുവെന്നും ആരോപണമുണ്ട്.

വീടാക്രമണ കേസ് ഉള്‍പ്പെടെ ഒന്നിലധികം കേസുകളില്‍ പ്രതിയായതിനെ തുടര്‍ന്ന് ഒളിവില്‍പ്പോയ കുത്തിയതോട് സ്വദേശി ശരണ്‍കുമാറിനെ വിവാഹ സ്ഥലത്തുനിന്നും പൊലീസ് സംഘം പിടികൂടിയിരുന്നു. ഇയാളെ സ്റ്റേഷനില്‍ എത്തിച്ചശേഷം ഒരുമണിയോടെ ക്ഷണമനുസരിച്ച് വിവാഹ ചടങ്ങിനെത്തിയ എസ്‌ഐയെ ഒരു സംഘം യുവാക്കള്‍ ചോദ്യം ചെയ്തു. ഇത് സംഘര്‍ഷത്തില്‍ കലാശിക്കുകയും എസ്‌ഐക്കും പോലീസുകാരനും മര്‍ദനം ഏല്‍ക്കുകയും ചെയ്തു.