പത്തനംതിട്ട: ശബരിമലയില്‍ ദര്‍ശനം നടത്താതെ ഇതര സംസ്ഥാന തീര്‍ത്ഥാടക സംഘം തിരിച്ചുപോയി. മുംബൈയില്‍ നിന്നുവന്ന 110 പേരടങ്ങുന്ന സംഘമാണ് തിരിച്ചുപോയത്. ഇതില്‍ മലയാളികളും ഉള്‍പ്പെടുന്നു. ശബരിമലയിലെ സംഘര്‍ഷാവസ്ഥ കണക്കിലെടുത്താണ് തിരിച്ചുപോകുന്നതെന്ന് സംഘം അറിയിച്ചു.

ശബരിമല ദര്‍ശനത്തിനായി എരുമേലിയില്‍ എത്തിയ സംഘം തിരിച്ചുപോകാന്‍ തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ രണ്ടുദിവസമായി ശബരിമലയില്‍ നിലനില്‍ക്കുന്ന സംഘര്‍ഷാവസ്ഥ കണക്കിലെടുത്താണ് തീരുമാനമെന്ന് സംഘം അറിയിച്ചു. 13 കുട്ടികളും 12 മാളികപ്പുറങ്ങളും അടങ്ങുന്ന സംഘം ആര്യങ്കാവ് ശാസ്താ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി മടങ്ങിപ്പോകാനാണ് തീരുമാനിച്ചിരിക്കുന്നത്.

ഭയം കൊണ്ടാണ് തിരിച്ചുപോകുന്നതെന്ന് സംഘം മാധ്യമങ്ങളോട് പറഞ്ഞു. നിലവിലെ സാഹചര്യത്തില്‍ കൂട്ടംതെറ്റുമോ എന്ന ഭയം ഉളളതായും ഇവര്‍ പറഞ്ഞു. ദര്‍ശനം നടത്താന്‍ കഴിയാത്തതിന്റെ വേദനയോടെയാണ് തിരിച്ചുപോകുന്നതെന്ന് ഇവര്‍ വ്യക്തമാക്കി.