സുധീര്‍ ഗൗതമിനെ അറിയില്ലേ… ദേശീയ പതാക ദേഹത്ത് വരച്ച് വലിയ ദേശീയ പതാകയുമായി ഗാലറിയില്‍ ഓടി നടക്കുന്ന സച്ചിന്‍ ആരാധകന്‍. ക്രിക്കറ്റ് ആരാധകര്‍ക്കെല്ലാം സുപരിചിതനാണ് സുധീര്‍. ഇന്ത്യയിലെവിടെ ക്രിക്കറ്റ് മത്സരം നടന്നാലും അവിടെ ഈ സാന്നിധ്യമുണ്ടാവുമെന്നുറപ്പുണ്ട്.

എന്നാല്‍, ഇപ്പോഴിതാ മൊഹാലിയിലെ ഐഎസ് ബിന്ദ്ര സ്‌റ്റേഡിയത്തില്‍ പ്രവേശിക്കുന്നതില്‍ നിന്ന് സുധീറിന് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നു. ഇപ്പോള്‍ നടക്കുന്ന ഇന്ത്യ- ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റ് മത്സരം കാണുന്നതില്‍ നിന്ന് സുധീറിന് വിലക്കേര്‍പ്പെടുത്തി. ദേശീയ പതാക ശരീരത്തില്‍ പെയിന്റടിച്ചതിനാലാണ് മത്സരം കാണുന്നതില്‍ നിന്ന് വിലക്കിയിരിക്കുന്നത്.

ഇന്ത്യന്‍ ഫ്‌ലാഗ് കോഡ് 2002 പ്രകാരം ഇത് ദേശീയ പതാകയെ അപമാനിക്കുന്നതിന് തുല്യമായതിനാലാണ് സ്്‌റ്റേഡിയത്തില്‍ പ്രവേശിക്കുന്നതില്‍ നിന്ന് വിലക്കിയിരിക്കുന്നതെന്ന് പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്‍ അറിയിച്ചു.