കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്നും അറബി സാഹിത്യത്തില്‍ സൈനുല്‍ ആബിദീന്‍ ഹുദവി പുത്തനഴിക്ക് ഡോക്ടറേറ്റ്. യൂനിവേഴ്‌സിറ്റി ലക്ഷദ്വീപ് ഹയര്‍ എജുക്കേഷന്‍ ഡീന്‍ ഡോ. (പ്രൊഫ.) എന്‍.എ.എം അബ്ദുല്‍ ഖാദറിന് കീഴിലായിരുന്നു ഗവേഷണം. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷമുള്ള ഈജിപ്തിലെ ആത്മീയ പ്രസ്ഥാനങ്ങളും പ്രത്യയ ശാസ്ത്രങ്ങളും; അറബി കവിതയിലെ അതിന്റെ സ്വാധീനവും എന്ന വിഷയത്തിലായിരുന്നു ഗവേഷണം.

ദാറുല്‍ ഹുദാ ഇസ്ലാമിക് സര്‍വകലാശാലയില്‍ നിന്ന് ഇസ്ലാമിക് സ്റ്റഡീസില്‍ പി.ജി. കഴിഞ്ഞ ഇദ്ദേഹം പറപ്പൂര്‍ സബീലുല്‍ ഹിദായയില്‍ നിന്നാണ് ഇസ്ലാമിക് സ്റ്റഡീസില്‍ ബിരുദം നേടിയത്. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് അറബി സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദം നേടിയ ഹുദവി, ഹൈദരാബാദിലെ മൗലാനാ ആസാദ് നാഷണല്‍ യൂനിവേഴ്‌സിറ്റിയില്‍ നിന്ന് ഇംഗ്ലീഷില്‍ ഡിപ്ലോമയും, ഡല്‍ഹിയിലെ ജാമിഅ മില്ലിയയില്‍ നിന്ന് ഉര്‍ദു ഭാഷയില്‍ ദ്വിവര്‍ഷ കറസ്‌പോണ്ടന്‍സ് കോഴ്‌സും പൂര്‍ത്തിയാക്കിയിട്ടുണ്ട്.

കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് കൊമേഴ്‌സ് ആന്റ് മാനേജ്‌മെന്റില്‍ പി.ജി ഡിപ്പോമ ഒന്നാം റാങ്കോടെ പൂര്‍ത്തിയാക്കിയ ഇദ്ദേഹം തുര്‍ക്കിയുടെ തലസ്ഥാന നഗരിയായ ഇസ്തംബൂളില്‍ നടന്ന രാജ്യാന്തര വിദ്യാര്‍ത്ഥി സമ്മേളനത്തില്‍ ഇന്ത്യന്‍ പ്രതിനിധിയായി പങ്കെടുത്ത് പ്രബന്ധം അവതരിപ്പിച്ചിരുന്നു. കൂടാതെ കേരള യൂനിവേഴ്‌സിറ്റി, മദ്രാസ് യൂനിവേഴ്‌സിറ്റി, ഹൈദരാബാദിലെ മൗലാനാ ആസാദ് യൂനിവേഴ്‌സിറ്റി, അമേരിക്കന്‍ കോണ്‍സുലേറ്റ് ചെന്നൈ, എന്നിവടങ്ങളില്‍ നടന്ന വിവിധ രാജ്യാന്തര സെമിനാറുകളിലും വര്‍ക് ഷോപുകളിലും പ്രബന്ധാവതരണം നടത്തിയിട്ടുണ്ട്.

കേരളത്തിലെ പ്രശസ്ത അറബിക് മാഗസിനായ അന്നഹ്ദയുടെ സ്ഥാപകരില്‍ ഒരാളും നിലവിലെ എക്‌സിക്യൂട്ടീവ് എഡിറ്ററുമായ സൈനുല്‍ ആബിദീന്‍, സമകാലിക വിഷയങ്ങളും ഗവേഷണ പ്രബന്ധങ്ങളുമായി 29 ലേഖനങ്ങള്‍ അന്നഹ്ദക്കായി തയ്യാറാക്കി പ്രസിദ്ധീകരിച്ചിട്ടുണ്ട്. മാധ്യമം, സുപ്രഭാതം പത്രങ്ങളുടെ മുന്‍ ലേഖകനായും കാലിക്കറ്റ് സര്‍വകലാശാല അറബിക് വിഭാഗം പ്രസിദ്ധീകരിക്കുന്ന ‘കാലികൂത് ‘ ജേണലിന്റെ എക്‌സിക്യൂട്ടീവ് എഡിറ്ററായും സേവനം അനുഷ്ടിച്ചിട്ടുണ്ട്.

സഊദി ഹജ്ജ് മിഷന്‍, നാഷണല്‍ മനുസ്‌ക്രിപ്റ്റ് മിഷന്‍ എന്നിവയുടെ വിവിധ പ്രൊജക്ടുകളും ഇതിനകം ചെയ്തിട്ടുണ്ട്. ആള്‍ ഇന്ത്യാ കോണ്‍ഫഡറേഷന്‍ ഓഫ് എസ്.സി, എസ്. ടി ഓര്‍ഗനൈസേഷന്‍ കേരള സ്റ്റേറ്റ് കമ്മിറ്റിയുടെ അംബേദ്കര്‍ അവാര്‍ഡ്, അംബേദ്കര്‍ എജ്യുക്കേഷന്‍ ഫൗണ്ടേഷന്റെ മഹാത്മ ഫൂലെ നാഷണല്‍ എക്‌സലന്‍സി അവാര്‍ഡ്, അലി ഗര്‍ മുസ്ലിം യൂനിവേഴ്‌സിറ്റിയുടെ സര്‍ സയ്യിദ് അവാര്‍ഡ്, ജൈഹൂന്‍ ലിറ്റററി അവാര്‍ഡ്, ചാപ്പനങ്ങാടി ബാപ്പു മുസ്ലിയാര്‍ അവാര്‍ഡ്, എന്നിവക്ക് ഇതിനകം അര്‍ഹനായിട്ടുണ്ട്.

ഈജിപ്ത്, മലേഷ്യ, ഇസ്രയേല്‍, സഊദി അറേബ്യ, യു.എ.ഇ, തുര്‍ക്കി, ബഹ്‌റൈന്‍, ജോര്‍ദാന്‍, ഫലസ്തീന്‍, സിംഗപൂര്‍, തുടങ്ങിയ പത്ത് ലോക രാജ്യങ്ങള്‍ ഇതിനകം സന്ദര്‍ശിച്ച ഹുദവി യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വര്‍ അലി ശിഹാബ് തങ്ങളുടെ പ്രൈവറ്റ് സെക്രട്ടറിയാണ്.