മിമിക്രിതാരം പാഷാണം ഷാജിയെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചെന്ന പരാതിയില്‍ രണ്ടുപേര്‍ കൊച്ചിയില്‍ പിടിയില്‍. പിടിയിലാവരില്‍ ഒരു അഭിഭാഷകനും ഉള്‍പ്പെടും. സ്‌റ്റേജ് ഷോയുടെ ഭാഗമായി സ്‌നേക്ക് ഡാന്‍സ് അവതരിപ്പിച്ചതിന് കേസ് കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഇവര്‍ പത്തുലക്ഷം രൂപ ആവശ്യപ്പെട്ടത്. ഇടപ്പള്ളി സ്വദേശികളായ അഡ്വ ദേവസി തോമസ്, കൃഷ്ണദാസ് എന്നിവരെയാണ് പോലീസ് അറസ്റ്റുചെയ്തത്.

പാഷാണം ഷാജി എന്ന പേരില്‍ സിനിമാ മിമിക്രി രംഗത്ത് അറിയപ്പെടുന്ന സാജു നവോദയയാണ് പരാതിയുമായി എത്തിയത്. കൊച്ചി സിറ്റി പോലീസിന് നല്‍കിയ പരാതിയിലാണ് അറസ്റ്റുണ്ടായത്. കൊച്ചി കാക്കനാട് വച്ച് നടന്ന ഒരു സ്‌റ്റേജ് ഷോയുമായി ബന്ധപ്പെട്ടാണ് സാജുവില്‍ നിന്ന് പണംതട്ടാന്‍ ശ്രമിച്ചത്. ഷോക്കിടെ സാജുവിന്റെ സംഘാംഗങ്ങളില്‍ ഒരാള്‍ പാമ്പിനെ ഉപയോഗിച്ച് നൃത്തം ചെയ്തിരുന്നു. ഈ സംഭവത്തില്‍ വനം വകുപ്പിന് പരാതി നല്‍കുമെന്നും കേസില്‍ കുടുക്കുമെന്നും പറഞ്ഞ് അറസ്റ്റിലായവര്‍ ഭീഷണിപ്പെടുത്തുകയായിരുന്നു. പരാതി നല്‍കാതിരിക്കാന്‍ 10 ലക്ഷം രൂപയാണ് ഇവര്‍ ആവശ്യപ്പെട്ടത്.നിരന്തരം ഭീഷണി തുടര്‍ന്ന സാഹചര്യത്തില്‍ സാജു പോലീസിനെ സമീപിക്കുകയായിരുന്നു. പോലീസിന്റെ നിര്‍ദ്ദേശപ്രകാരം പണം നല്‍കാമെന്ന് ഇവരെ അറിയിച്ചു. തുടര്‍ന്ന് പോലീസ് പറഞ്ഞ സ്ഥലത്തേക്ക് ഇരുവരെയും വിളിച്ചുവരുത്തി അറസ്റ്റുചെയ്യുകയായിരുന്നു.