സകരിയ സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തില്‍ മമ്മൂട്ടി നായകനാവും. ചിത്രത്തിന്റെ പേര് തീരുമാനിച്ചില്ലെന്നും കോവിഡ് പ്രതിസന്ധി തീരുന്നതോടെ മാത്രമേ ചിത്രീകരണം അടക്കമുള്ള കാര്യങ്ങളില്‍ വ്യക്തത വരൂവെന്നും സംവിധായകന്‍ സകരിയ പറഞ്ഞു. ചിത്രത്തില്‍ വലിയ താരനിര തന്നെയുണ്ടാകുമെന്നാണ് വിവരം.

സകരിയ ആദ്യം സംവിധാനം ചെയ്ത സുഡാനി ഫ്രം നൈജീരിയ ടീമില്‍ നിന്നുള്ള പ്രമുഖരും പുതിയ ചിത്രത്തിന്റെ ഭാഗമാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. സകരിയയുടെ രണ്ടാമത്തെ ചിത്രം ഹലാല്‍ ലവ്വ് സ്റ്റോറി ആമസോണില്‍ പുറത്തിറങ്ങി. ചിത്രത്തിന് മികച്ച അഭിപ്രായങ്ങളാണ് കിട്ടിക്കൊണ്ടിരിക്കുന്നത്.

ഇന്ദ്രജിത്ത് സുകുമാരന്‍, ജോജു ജോര്‍ജ്, ഗ്രേസ് ആന്റണി, ഷറഫുദ്ദീന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായ ഹലാല്‍ ലവ് സ്റ്റോറിയില്‍ മറ്റു കഥാപാത്രങ്ങളായി പാര്‍വതി തിരുവോത്ത്, സൗബിന്‍ ഷാഹിര്‍ എന്നിവരും എത്തുന്നുണ്ട്. ആഷിക് അബു, ഹര്‍ഷാദ് അലി, ജസ്‌ന ആശിം എന്നിവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്.