ജയ്പൂര്‍: കൃഷ്ണ മൃഗം വേട്ട കേസില്‍ ഹൈകോടതി വെറുതെ വിട്ട ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാനെതിരെ രാജസ്ഥാന്‍ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. ഹൈക്കോടതി നടപടി തെറ്റാണെന്നും സല്‍മാനെ തിരികെ ജയിലിലേക്ക് അയയ്ക്കണമെന്നുമാണ് രാജസ്ഥാന്‍ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടത്.

സല്‍മാനോട് കീഴടങ്ങാന്‍ ആവശ്യപ്പെട്ട് സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിക്കണമെന്നും സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു.

തെളിവുകളുടെ അഭാവത്തില്‍ കഴിഞ്ഞ ജൂലൈയിലാണ് രാജസ്ഥാന്‍ ഹൈക്കോടതി സല്‍മാനെ കുറ്റവിമുക്തനാക്കിയത്.

1998ല്‍ ജോദ്പൂരില്‍ വെച്ച് പതിനെട്ടു വയസ്സ് പ്രായമുള്ള വംശനാശം നേരിടുന്ന ചിങ്കാര വര്‍ഗത്തില്‍പ്പെട്ട രണ്ടു മാനുകളെ വേട്ടയിറച്ചിക്കായി സല്‍മാന്‍ വെടിവച്ചു കൊന്നു എന്നായിരുന്നു കേസ്. സൂരജ് ബര്‍ജാത്യയുടെ ‘ഹം സാത് സാത് ഹെ’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനെത്തിയ സമയത്തായിരുന്നു സംഭവം.

കൃഷ്ണമാനിനെ വേട്ടയാടിയതിന് അഞ്ചു വര്‍ഷത്തെ തടവാണ് വിചാരണ കോടതി സല്‍മാന് വിധിച്ചത്. മറ്റൊരു വേട്ടയാടല്‍ കേസില്‍ ഒരു വര്‍ഷം തടവിനും ശിക്ഷിച്ചിരുന്നു. തുടര്‍ന്ന് 13 ദിവസം സല്‍മാന്‍ ജയിലില്‍ കഴിയുകയും പിന്നീട് ജാമ്യത്തില്‍ പുറത്തിറങ്ങുകയും ചെയ്തു.