സാംസങ് ഗാലക്‌സി നോട്ട് 7ഫോണ്‍ ഉപയോഗിക്കുന്നവര്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യണമെന്ന് സാംസങ് കമ്പനി. സാംസങ് ഫോണുകള്‍ പൊട്ടിത്തെറിക്കുന്നത്  പതിവായതോടെയാണ് കമ്പനി തന്നെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യണമെന്നും ഇനിമുതല്‍ ഉപയോഗിക്കരുതെന്നുമുള്ള നിര്‍ദ്ദേശവുമായി രംഗത്തെത്തിയിരിക്കുന്നത്.

സാംസങ് ഗാലക്‌സി നോട്ട് 7 ഫോണുകളുടെ എല്ലാ തരത്തിലുള്ള വില്‍പ്പനകളും കമ്പനി നിര്‍ത്തിവെക്കുകയാണെന്നും കമ്പനി അറിയിച്ചു. ഫോണുകള്‍ പൊട്ടിത്തെറിക്കുന്നതായി വ്യാപക പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് ഇക്കഴിഞ്ഞ നവംബറില്‍ 25 ലക്ഷത്തോളം ഗാലക്‌സി നോട്ട് 7 ഫോണുകള്‍ കമ്പനി തിരിച്ചുവിളിച്ചിരുന്നു. ഇവക്ക് പകരം ഫോണുകള്‍ നല്‍കിയിരുന്നെങ്കിലും ഇതേ അപകടം തന്നെ ഫോണുകളില്‍ സംഭവിക്കുകയായിരുന്നു. തുടര്‍ന്നാണ് കമ്പനി ഫോണുകള്‍ ഉപയോഗിക്കുന്നത് നിര്‍ത്തിവെക്കാന്‍ ഉപഭോക്താക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഫോണില്‍ നിന്ന് പുക ഉയര്‍ന്നതിനെ തുടര്‍ന്ന് അമേരിക്കയില്‍ വിമാനത്തില്‍ നിന്ന് യാത്രക്കാരെ ഒഴിപ്പിച്ച സംഭവം ഈയടുത്ത് നടന്നിരുന്നു.

ഫോണുകളില്‍ പതിവായുള്ള അപകടം അന്വേഷിച്ചുവരികയാണ്. ഗാലക്‌സി നോട്ട് 7ന്റെ ആദ്യപതിപ്പും പകരമിറക്കിയ പതിപ്പും കൈവശമുള്ളവര്‍ അത് എത്രയും വേഗം സ്വിച്ച്ഓഫ് ചെയ്യാന്‍ കമ്പനി ആവശ്യപ്പെട്ടു.