കൊല്‍ക്കത്ത: മലയാളി താരം സഞ്ജു സാംസണ് ദേശീയ ക്രിക്കറ്റില്‍ അപൂര്‍വ നേട്ടം. ഇന്ത്യയില്‍ പര്യടനം നടത്തുന്ന ശ്രീലങ്കന്‍ ടീമിനെതിരെ സന്നാഹ മത്സരം കളിക്കാനുള്ള ബോര്‍ഡ് പ്രസിഡണ്ട്‌സ് ഇലവന്‍ ടീം ക്യാപ്ടനായി സഞ്ജുവിനെ ബി.സി.സി.ഐ തെരഞ്ഞെടുത്തു. ഇതാദ്യമായാണ് ഒരു മലയാളി ബോര്‍ഡ് പ്രസിഡണ്ട്‌സ് ഇലവനെ നയിക്കുന്നത്.

ഐ.പി.എല്ലില്‍ 1000 റണ്‍സ് നേടുന്ന പ്രായം കുറഞ്ഞ താരവും മുന്‍ കേരള ക്യാപ്ടനുമായ സഞ്ജു, രഞ്ജി ട്രോഫിയില്‍ ഒരു ടീമിനെ നയിച്ച ഏറ്റവും പ്രായം കുറഞ്ഞ താരമാണ്. ക്യാപ്ടന്‍സി പ്രകടനത്തെ ബാധിച്ചതിനെ തുടര്‍ന്നാണ് 22-കാരന്‍ ക്യാപ്ടന്‍സി ഒഴിഞ്ഞത്.
സഞ്ജുവിനു പുറമെ രോഹന്‍ പ്രേം, സന്ദീപ് വാര്യര്‍ എന്നീ മലയാളി താരങ്ങള്‍ കൂടി ടീമിലുണ്ട്. കേരളത്തിനു വേണ്ടി കളിക്കുന്ന മധ്യപ്രദേശുകാരന്‍ ജലജ് സക്‌സേനയും ടീമിലെത്തി.

നിലവില്‍ പുരോഗമിക്കുന്ന രഞ്ജി ട്രോഫി അഞ്ചാം മത്സരത്തില്‍ പങ്കെടുക്കാത്ത ഹൈദരാബാദ്, കേരള, മധ്യപ്രദേശ്, പഞ്ചാബ് ടീമുകളിലെ കളിക്കാരെയാണ് ബോര്‍ഡ് പ്രസിഡണ്ട് ടീമിലേക്ക് പരിഗണിച്ചിരിക്കുന്നത്. ശനിയാഴ്ചയും ഞായറാഴ്ചയും കൊല്‍ക്കത്ത ജാദവ്പൂര്‍ യൂണിവേഴ്‌സിറ്റി ക്യാംപസിലാണ് ദ്വിദിന മത്സരം.