ഡല്‍ഹി: മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍ ഐപിഎല്‍ ടീം രാജസ്ഥാന്‍ റോയല്‍സിന്റെ നായകനാകും. രാജസ്ഥാന്‍ റോയല്‍സ് സമൂഹമാധ്യമത്തിലൂടെയാണ് പുതിയ ക്യാപ്റ്റനെ പ്രഖ്യാപിച്ചത്. കഴിഞ്ഞ സീസണില്‍ ടീമിനെ നയിച്ച ഓസ്‌ട്രേലിയന്‍ താരം സ്റ്റീവ് സ്മിത്തിന് പകരക്കാരനായാണ് സഞ്ജുവിന്റെ നിയമനം.

ഇതുവരെ ടീമിനെ നയിച്ച സ്റ്റീവ് സ്മിത്തിന് നന്ദി അറിയിക്കുന്നതായും രാജസ്ഥാന്‍ റോയല്‍സ് ട്വീറ്റ് ചെയ്തു. ഇപ്പോഴത്തെ ടീമിലെ 17 താരങ്ങളെ പുതിയ സീസണിലേക്ക് നിലനിര്‍ത്തുമെന്നും രാജസ്ഥാന്‍ റോയല്‍സ് പ്രഖ്യാപിച്ചിട്ടുണ്ട്. ബാക്കിയുള്ള എട്ട് താരങ്ങളെ റിലീസ് ചെയ്യും.

രാജസ്ഥാന്‍ റോയല്‍സിലെ ഏറ്റവും അനുഭവ സമ്പത്തുള്ള ഇന്ത്യന്‍ താരമാണ് സഞ്ജു. ഈ സാഹചര്യത്തിലാണ് താരത്തെ ക്യാപ്റ്റനായി തെരഞ്ഞെടുത്തത്. ഐപിഎലില്‍ ദീര്‍ഘകാലമായി രാജസ്ഥാന്‍ റോയല്‍സിന്റെ താരമാണ്. ഡല്‍ഹി ഡെയര്‍ഡെവിള്‍സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമുകള്‍ക്കായും താരം കളിച്ചിട്ടുണ്ട്. രാജസ്ഥാന്‍ റോയല്‍സിനെ നയിക്കാനുള്ള പുതിയ ഉത്തരവാദിത്തം ബഹുമതിയായാണ് കാണുന്നതെന്ന് സഞ്ജു പ്രതികരിച്ചു.