ന്യൂഡല്‍ഹി: തമിഴ്‌നാട് മുഖ്യമന്ത്രിയായി ശശികല സത്യപ്രതിജ്ഞ ചെയ്യുന്നത് തടയണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി സുപ്രീംകോടതി നാളെ പരിഗണിക്കും. സട്ട പഞ്ചായത്ത് ഇയക്കം എന്ന സംഘടനയുടെ ജനറല്‍ സെക്രട്ടറിയും ചെന്നൈ സ്വദേശിയുമായ സെന്തില്‍കുമാര്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് നാളെ പരിഗണിക്കുക. തിങ്കളാഴ്ചയാണ് ഇയാള്‍ പരമോന്നത നീതിപീഠത്തിനു മുന്നില്‍ ഹര്‍ജി സമര്‍പ്പിച്ചത്. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ വിധി വരുന്നതു വരെ ശശികലയെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ അനുവദിക്കരുതെന്നാണ് ഹര്‍ജിയിലെ ആവശ്യം. ജയലളിതയും ശശികലയുമുള്‍പ്പെടെയുള്ളവരെ കേസില്‍ വെറുതെവിട്ട കര്‍ണാടക ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീലുകളില്‍ ഒരാഴ്ചക്കകം വിധി പറയുമെന്ന് സുപ്രീംകോടതി വ്യക്തമാക്കിയതിനു പിന്നാലെയാണ് ഹര്‍ജി നല്‍കിയത്.