ന്യൂഡല്‍ഹി: മന്ത്രിസഭയില്‍ നിന്നും പുറത്താക്കപ്പെട്ട ശേഷം മുഖ്യമന്ത്രി കെജ്‌രിവാള്‍ 2 കോടി കോഴ വാങ്ങിയെന്ന് ആരോപിച്ച കപില്‍ മിശ്രക്കെതിരെ ഡല്‍ഹി ആരോഗ്യ മന്ത്രി സത്യേന്ദര്‍ ജെയ്ന്‍. കെജ്‌രിവാളിന് പണം കൈമാറിയെന്ന് ആരോപിക്കപ്പെട്ട മെയ് 5ന് താന്‍ കെജ്‌രിവാളിന്റെ വീട്ടിലുണ്ടായിരുന്നില്ലെന്നും ഏത് വിധേനയും അത് തെളിയിക്കാന്‍ തയാറാണെന്നും സത്യേന്ദര്‍ ജെയ്ന്‍ എഎന്‍ഐയോട് പറഞ്ഞു.
കെജ്‌രിവാളിന് കോഴപ്പണം നല്‍കിയെന്ന് ആരോപിക്കപ്പെട്ട സത്യേന്ദര്‍ ജെയ്ന്‍ കപില്‍ മിശ്രയെ കടുത്ത ഭാഷയിലാണ് എതിരിട്ടത്. മിശ്രക്ക് സ്വബോധം നഷ്ടപ്പെട്ടതിനാലാണ് ഇത്തരം അടിസ്ഥാനമില്ലാത്ത ആരോപണങ്ങളുമായി വന്നിരിക്കുന്നത്. ആരോപണത്തില്‍ എന്തെങ്കിലും വാസ്തവമുണ്ടെങ്കില്‍ തെളിയിക്കാന്‍ വെല്ലുവിളിക്കുക കൂടി ചെയ്തു സത്യേന്ദര്‍ ജെയ്ന്‍.

ഞായറാഴ്ചയാണ് മിശ്ര മുഖ്യമന്ത്രി കെജ്‌രിവാളിനെതിരെ കോഴ ആരോപണവുമായി രംഗത്തെത്തിയത്. കെജ്‌രിവാളിന്റെ വസതിയില്‍ വെച്ചാണ് പണം കൈമാറിയതെന്നാണ് ആരോപണം. ഇതെല്ലാം രാഷ്ട്രീയത്തില്‍ സ്വഭാവികമാണെന്ന് കൂടി മുഖ്യമന്ത്രി തന്നോട് പറഞ്ഞുവെന്നും അഴിമതി ആരോപണം നടത്തിയ കപില്‍ മിശ്ര പറഞ്ഞിരുന്നു.

ഡല്‍ഹി മന്ത്രിസഭയില്‍ നിന്ന് കപില്‍ മിശ്രയെ പുറത്താക്കുകയും പകരം കൈലേഷ് ഗാഹ്‌ലോട്ടിനെ നിയമിക്കുകയും ചെയ്തിരുന്നു. തന്നെ പുറത്താക്കിയ വാര്‍ത്തയറിഞ്ഞയുടന്‍ വാട്ടര്‍ ടാങ്ക് അഴിമതി റിപ്പോര്‍ട്ട് ചോര്‍ന്നത് കാരണത്താലാവാം നടപടിയെന്ന് മിശ്ര പ്രതികരിച്ചിരുന്നു.

ഇതിനിടെ, എഎപിയുടെ മുതിര്‍ന്ന നേതാക്കള്‍ കെജ്‌രിവാളിനെ പിന്തുണച്ചു കൊണ്ട് രംഗത്ത് വരികയും മുഖ്യമന്ത്രിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളെ നിഷേധിക്കുകയും ചെയ്തു.

മാധ്യമങ്ങളോട് സംസാരിക്കവെ ഇന്നും കപില്‍ മിശ്ര ആരോപണങ്ങള്‍ ആവര്‍ത്തിച്ചു. അതേസമയം എഎപിയില്‍ തന്നെ ഉറച്ചുനില്‍ക്കുമെന്നും ബിജെപിയുമായി യാതൊരുവിധ കൂട്ടുകെട്ടുമില്ലെന്നും മിശ്ര ഉറപ്പിച്ചു പറഞ്ഞു. ബന്ധുവിന് ഛത്തര്‍പൂറില്‍ 50 കോടിയുടെ ഭൂമി നേടിക്കൊടുത്തതില്‍ മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന് കൂടി മുന്‍ ടൂറിസം-ജല വകുപ്പ് മന്ത്രിയായ കപില്‍ മിശ്ര ആരോപിച്ചിരുന്നു.