റിയാദ്: സഊദി അറേബ്യയുടെ ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഔദ്യോഗിക പരസ്യ വീഡിയോ പുറത്തിറങ്ങി. വെറുമൊരു ടീം പ്രഖ്യാപനമായിരുന്നില്ല, അത്. റഷ്യന്‍ ലോകകപ്പിനുള്ള സഊദി ടീമിനെ മലയാളത്തില്‍ അവതരിപ്പിച്ചതോടെ നമ്മുടെ മാതൃഭാഷയും ആഗോളവേദിയിലെത്തിയിരിക്കുകയാണ്. സഊദി ദേശീയ ടീമിന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ പുറത്തുവിട്ട വീഡിയോയിലാണ് മലയാളവും ഇടംപിടിച്ചത്.

സഊദി അറേബ്യയുടെ ജീവിതവും സംസ്‌കാരവും പശ്ചാത്തലമാകുന്ന വീഡിയോയില്‍ 23 താരങ്ങളെയും വ്യത്യസ്ത രീതിയിലാണ് പരിചയപ്പെടുത്തിയത്. ഇതില്‍ മധ്യനിര താരം അബ്ദുല്‍മാലിക് അല്‍ബൈരിയെ പരിചയപ്പെടുത്തുന്നത് മലയാളത്തിലാണ്.
സഊദി അറേബ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍, ജനറല്‍ സ്‌പോര്‍ട്‌സ് അതോറിറ്റി, മിനിസ്ട്രി ഓഫ് മീഡിയ, സെന്റര്‍ ഫോര്‍ ഗവണ്‍മെന്റ് കമ്മ്യൂണിക്കേഷന്‍ എന്നിവയുടെ ആഭിമുഖ്യത്തിലുള്ള വീഡിയോ സഊദിയുടെ സംസ്‌കാരവും ഫുട്‌ബോള്‍ ആവേശവുമാണ് വിളിച്ചോതുന്നത്.

ഓരോ കളിക്കാരനെയും പേരുകള്‍ പലവിധത്തിലാണ് വിധത്തിലാണ് പുറത്തുവിട്ടത്. റോഡുകള്‍, കോളജുകള്‍, കെട്ടിട നിര്‍മാണ രംഗം, ഓഫീസുകള്‍, ആസ്പത്രിയിലെ ശസ്ത്രക്രിയ മേശ, കോഫിഷോപ്പ്, തിയറ്റര്‍, എന്നിവക്കു പുറമെ വീട്ടിലും കുട്ടികളുടെ കളിക്കളത്തിലും കാറിലും വീഡിയോ ഗെയിമിലും ഓരോ കളിക്കാരുടെ പേരുകള്‍ അറിയിക്കുകയാണ്. ഇതില്‍ ബാര്‍ബര്‍ ഷോപ്പില്‍ ഒരു റേഡിയോയിലൂടെ മലയാളത്തിലും പ്രഖ്യാപനം എത്തുന്ന രംഗത്തെ രാജ്യത്തെ മലയാളികളെ ഒന്നടങ്കം ഹരം കൊള്ളിക്കുന്നത്.

ലോകകപ്പിനുള്ള സഊദി ടീമിന്റെ പട്ടികയില്‍ അബ്ദുല്‍മാലിക് അല്‍ബൈരി ഉള്‍പ്പെട്ടിട്ടുണ്ടെന്ന് നിങ്ങള്‍ക്കറിയാമോ എന്നാണ് ചോദിക്കുന്നത്. വീഡിയോ ഇതിനോടകം തന്നെ സോഷ്യല്‍മീഡിയയില്‍ തരംഗമായി കഴിഞ്ഞിട്ടുണ്ട്. ലക്ഷകണക്കിന് ആളുകളാണ് മണിക്കൂറുകള്‍ക്കകം വീഡിയോ കണ്ട് ഷെയര്‍ ചെയ്തത്.

Watch Video: