അഷ്‌റഫ് വേങ്ങാട്ട്

റിയാദ്: കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിക്കാത്തവർക്ക് പൊതുഇടങ്ങളിൽ പ്രവേശനം നിഷേധിച്ചു കൊണ്ടുള്ള സഊദിയുടെ നീക്കങ്ങൾക്ക് തുടക്കമായി. തവക്കൽന ആപ്പിൽ ഇമ്മ്യൂൺ ആകാത്തവരെ പൊതു ഇടങ്ങളിൽ പ്രവേശിപ്പിക്കരുതെന്നും തൊഴിലാളികളെ കമ്പനികളിലേക്കോ സ്ഥാപനങ്ങളിലേക്കോ പ്രവേശനം നൽകരുതെന്നും ബന്ധപ്പെട്ട മന്ത്രാലയങ്ങൾ കർശനമായ നിർദേശം നൽകി. ഇതോടെ വാക്സിൻ എടുക്കാത്ത വിദേശികളടക്കമുള്ളവർ അവസരം തേടി നെട്ടോട്ടത്തിലാണ്. വാക്സിൻ എടുത്തിട്ടും തവൽക്കനയിൽ ഇതുവരെ അപ്‌ഡേറ്റ് ആകാത്ത മലയാളികളടക്കമുള്ള നിരവധി പേർ ആശങ്കയിലുമാണ്.

രണ്ട് ഡോസ് അല്ലെങ്കിൽ ഒരു ഡോസ് സ്വീകരിച്ച് തവൽക്കന ആപ്പിൽ ഇമ്മ്യൂൺ സ്റ്റാറ്റസ് ലഭിച്ചവർക്ക് മാത്രമായിരിക്കും ഇനിയുള്ള നാളുകളിൽ മാളുകളിലും കടകളിലും പൊതു സ്വകാര്യ ഓഫീസുകളിലുമെല്ലാം പ്രവേശനം. എന്നാൽ ചില വിഭാഗക്കാർക്ക് അവരുടെ പ്രായത്തിന്റെയും ആരോഗ്യസ്ഥിതിയുടെയും അടിസ്ഥാനത്തിൽ ഇളവ് അനുവദിക്കുമെന്ന് മന്ത്രാലയം അറിയിച്ചു. ആരോഗ്യ പരമായ കാരണങ്ങളാൽ വാക്സിൻ എടുക്കാൻ പറ്റാത്ത സാഹചര്യമുളളവർക്ക് സർട്ടിഫിക്കറ്റുണ്ടെങ്കിൽ ഇളവുകളുണ്ടാകുമെന്നാണ് മന്ത്രാലയം അറിയിച്ചത്.

കോവിഡ് വാക്സിൻ എടുക്കാത്തവർക്ക് ആഗസ്റ്റ് ഒന്ന് മുതൽ രാജ്യത്തെ പൊതുസ്ഥലങ്ങളിൽ പ്രവേശനം നിഷേധിക്കുമെന്ന് നേരത്തെ മന്ത്രാലയങ്ങൾ മുന്നറിയിപ്പ് നൽകിയിരുന്നു. രാജ്യത്തെ വാണിജ്യ കേന്ദ്രങ്ങൾ, മാളുകൾ, മൊത്തവ്യാപാര, റീട്ടെയിൽ സ്റ്റോറുകൾ, പബ്ലിക് യൂട്ടിലിറ്റി മാർക്കറ്റുകൾ, റെസ്റ്റോറന്റുകൾ, കഫേകൾ, പുരുഷന്മാരുടെ ബാർബർഷോപ്പുകൾ, വനിതാ ബ്യൂട്ടി സലൂണുകൾ തുടങ്ങിയ കേന്ദ്രങ്ങളിൽ പ്രവേശിക്കുന്നതിന് ഇമ്മ്യൂൺ സ്റ്റാറ്റസ് നിർബന്ധമാണെന്ന് നേരത്തെ അറിയിച്ചിരുന്നു.

ഇക്കാര്യത്തിൽ മാനഭവശേഷി മന്ത്രാലയം പുതുതായി നൽകിയ തീരുമാനങ്ങൾ പ്രകാരം സ്വകാര്യ മേഖലയിൽ ആദ്യ ഘട്ടമെന്നോണം ഇത്തരം തൊഴിലാളികളോട് വീട്ടിലിരുന്നു ജോലി ചെയ്യാൻ സ്ഥാപനങ്ങൾ ആവശ്യപ്പെടണമെന്ന് നിർദേശിച്ചു . പിന്നീട് ഓഗസ്റ്റ് ഒമ്പത് തിങ്കളാഴ്ച മുതല്‍ നിര്‍ബന്ധിത അവധി നൽകുകയും ഈ അവധി ദിനങ്ങള്‍ വാര്‍ഷിക അവധിയില്‍ നിന്ന് കുറക്കുകയും വേണം. വാർഷിക അവധി തീർന്നതാണെങ്കിൽ പ്രതിമാസ ശമ്പളത്തിൽ നിന്ന് ഈ അവധിക്കുള്ള ശമ്പളം കുറച്ചു നൽകാനാണ് നിർദേശം. സ്വകാര്യ സ്ഥാപനങ്ങളിലെ തൊഴിലാളികളും ഉടമകളും തമ്മിൽ പ്രത്യേക കരാറുകളില്ലെങ്കിൽ ഇത്തരം അവധി 20 ദിവസത്തിലധികമായാൽ നിലവിലുള്ള കരാർ നിർത്തി വെക്കണം. സർക്കാർ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്കും കൃത്യമായ നിർദേശങ്ങളാണ് മന്ത്രാലയങ്ങൾ നൽകിയിട്ടുള്ളത് .