ദമ്മാം: എണ്ണ വരുമാനം ആശ്രയിക്കാതെ വരുമാന സ്രോതസ്സുകളുടെ വൈവിധ്യവല്‍ക്കരണം ലക്ഷ്യമാക്കി സഊദി അറേബ്യ അംഗീകരിച്ച വിഷന്‍ 2030 പദ്ധതി ദേശീയ സമ്പദ്‌വ്യവസ്ഥക്ക് ശക്തി പകരുമെന്ന് ഭരണാധികാരി സല്‍മാന്‍ രാജാവ്. അശ്ശര്‍ഖിയ ഗവര്‍ണറേറ്റില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു രാജാവ്. വിവിധ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുന്നതിന് കിഴക്കന്‍ പ്രവിശ്യയിലെത്തിയ രാജാവിന് അമീര്‍ സഊദ് ബിന്‍ നായിഫിന്റെ നേതൃത്വത്തില്‍ ഗവര്‍ണറേറ്റില്‍ ഹൃദ്യമായ വരവേല്പ് നല്‍കി. വിഷന്‍ 2030 പദ്ധതി വിജയിപ്പിക്കുന്നതിന് സമൂഹം ഒറ്റക്കെട്ടായി പ്രയത്‌നിക്കണം.

രാജ്യത്തെ പൗരന്മാര്‍ എക്കാലവും ഉയര്‍ന്ന ഉത്തരവാദിത്വബോധം പ്രകടിപ്പിച്ചിട്ടുണ്ട്. ശത്രുക്കളെ തടയുന്നതിന് പൗരന്മാര്‍ ഭരണാധികാരികള്‍ക്കൊപ്പം നിലയുറപ്പിച്ചു. സ്വദേശി യുവാക്കളെയും രാജ്യത്തിന്റെ ആര്‍ജിത നേട്ടങ്ങളും തകര്‍ക്കാന്‍ ശത്രുക്കളുടെ നിരവധി ഗൂഢാലോചനകള്‍ തകര്‍ക്കുന്നതില്‍ സമൂഹം ഒരുമിച്ച് നിന്നു. അല്ലാഹുവിന്റെ ഗ്രന്ഥത്തിലും പ്രവാചകചര്യയും മാതൃകയാക്കി സുദൃഢ മൂല്യങ്ങളിലാണ് സഊദി അറേബ്യ സ്ഥാപിച്ചത്. ഇരു ഹറമുകളുടെയും സാന്നിധ്യം സഊദി അറേബ്യക്ക് അല്ലാഹു നല്‍കിയ ആദരവും അനുഗ്രഹവുമാണ്.
ഹജ്ജ്, ഉംറ തീര്‍ഥാടകര്‍ക്കും സിയാറത്തിന് എത്തുന്നവര്‍ക്കും സേവനങ്ങള്‍ നല്‍കുന്നതും വിശുദ്ധ ഹറമും മസ്ജിദുന്നബവിയും പരിചരിക്കുന്നതും ഏറ്റവും വലിയ ബഹുമതിയായാണ് രാജ്യം കാണുന്നത്. ഇസ്‌ലാമിനെയും രാഷ്ട്രത്തെയും സേവിക്കുന്നതില്‍ സഊദിയിലെ ഭരണാധികാരികളും ഭരണീയരും ഒരു കുടുംബമായാണ് മുന്നോട്ട് പോകുന്നത്. രാജ്യത്തെ എല്ലാ പ്രവിശ്യകളിലും സന്തുലിതവും സമഗ്രവുമായ വികസനത്തിനും എല്ലാവര്‍ക്കും അവസരങ്ങള്‍ ഒരുക്കുന്നതിനുമുള്ള ശ്രമങ്ങളുമായി ഉറച്ച കാല്‍വെപ്പുകളോടെ മുന്നോട്ട് പോകുമെന്നും സല്‍മാന്‍ രാജാവ് പറഞ്ഞു.
കിഴക്കന്‍ പ്രവിശ്യ ഗവര്‍ണര്‍ അമീര്‍ സഊദ് ബിന്‍ നായിഫും കിഴക്കന്‍ പ്രവിശ്യാ പൗരാവലിയെ പ്രതിനിധീകരിച്ച് ഡോ. അബ്ദുറഹ്മാന്‍ അല്‍ ജഅ്ഫരിയും ചടങ്ങില്‍ സംസാരിച്ചു. കിരീടാവകാശിയും ആഭ്യന്തര മന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ നായിഫ്, അമീര്‍ മുഖ്‌രിന്‍ ബിന്‍ അബ്ദുല്‍ അസീസ്, നാഷണല്‍ ഗാര്‍ഡ് മന്ത്രി അമീര്‍ മിത്അബ് ബിന്‍ അബ്ദുല്ല, അല്‍ഹസ ഗവര്‍ണര്‍ അമീര്‍ ബദ്ര്‍ ബിന്‍ മുഹമ്മദ് ബിന്‍ ജലവി, സല്‍മാന്‍ രാജാവിന്റെ പുത്രന്മാരായ മദീന ഗവര്‍ണര്‍ അമീര്‍ ഫൈസല്‍, അമീര്‍ റാകാന്‍ എന്നിവര്‍ ഉള്‍പ്പെടെ നിരവധി രാജകുടുംബാംഗങ്ങളും മുതിര്‍ന്ന ഉദ്യോഗസ്ഥരും പൗരപ്രമുഖരും ചടങ്ങില്‍ സംബന്ധിച്ചു.