മലപ്പുറം: കോട്ടക്കുന്നിലെ മണ്ണിടിച്ചിലില്‍ പ്രിയപ്പെട്ടവരെ നഷ്ടമായ ശരതിന്റെ വീട് പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍ സന്ദര്‍ശിച്ചു. പാണക്കാട് തങ്ങള്‍ കുടുംബം നിര്‍മിച്ചു നല്‍കിയ വീട്ടിലാണ് ഓണത്തോടനുബന്ധിച്ച് ബഷീറലി തങ്ങള്‍ സന്ദര്‍ശനം നടത്തിയത്. മലപ്പുറം മണ്ഡലം മുസ്‌ലിം യൂത്ത്‌ലീഗ് വൈസ്പ്രസിഡന്റ് ഹകീം കോല്‍മണ്ണ, ശരതിനും കുടുംബത്തിനും വീടു വക്കാന്‍ സ്ഥലം വിട്ടു നല്‍കിയ ആരിഫ് കളപ്പാടന്‍ എന്നിവര്‍ തങ്ങളോടൊപ്പം അനുഗമിച്ചു.

ശരതിന്റെ അച്ഛനും അനിയനും ദുരന്തത്തില്‍ മരിച്ച അമ്മയുടെ അനിയത്തിയും ചേര്‍ന്ന് തങ്ങളെ സ്വീകരിച്ചു. സന്ദര്‍ശനത്തിന്റെ ഭാഗമായി ഓണസാമഗ്രികള്‍ അടങ്ങിയ കിറ്റും ഓണപ്പുടവകളും ശരതിന്റെ കുടുംബത്തിന് കൈമാറി. ഒരു പെട്ടി വിഭവങ്ങളുമായാണ് തങ്ങള്‍ വീട്ടിലെത്തിയത്. തിരുവോണസദ്യ കഴിച്ച്, ഇരുകൂട്ടരും ഐശ്വര്യപൂര്‍ണമായ ഓണം ആശംസിച്ചാണ് മടങ്ങിയത്.

കഴിഞ്ഞ പ്രളയത്തിലാണ് മണ്ണിടിഞ്ഞ് കോട്ടക്കുന്ന് ചെരുവിലെ ശ്രീജിത്തിന്റെ വീട് നിലംപൊത്തിയത്. അമ്മയും ഭാര്യയും കുഞ്ഞും വീടിനടിയില്‍പ്പെട്ടു.മൂന്നു ദിവസങ്ങള്‍ക്കു ശേഷമാണ് ഇവരുടെ മൃതദേഹങ്ങള്‍ പുറത്തെടുക്കാനായത്. ശരത്തിന്റെ അവസ്ഥ നേരിട്ടറിഞ്ഞ പാണക്കാട് കുടുംബം വീടു നിര്‍മ്മാണത്തിന് മുന്നിട്ടിറങ്ങുകയായിരുന്നു. ആരിഫ് കളപ്പാടന്‍ സംഭാവന ചെയ്ത സ്ഥലത്ത് എട്ടു മാസം കൊണ്ടാണ് വീടുപണി പൂര്‍ത്തിയായത്.

കോട്ടക്കുന്ന് മണ്ണിടിലിച്ചിൽ വീട്‌ തകർന്ന ശരത്തിന്റെ പുതിയ വീട്ടിൽ ആദ്യ ഓണത്തിന്ന് ശരത്തിന്റെ വീട്ടിൽ അതിഥിയായി ബഷീറലി ശിഹാബ് തങ്ങളും സ്ഥലം വിട്ടു നൽകിയ സുഹൃത്ത് ആരിഫ്‌ കളപ്പാടനും എത്തി.

Posted by Sayyid Munavvar Ali Shihab Thangal on Monday, August 31, 2020