ന്യൂഡല്‍ഹി: കേന്ദ്രീയ വിദ്യാലയങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് നിര്‍ബന്ധിത ഹിന്ദുത്വ പ്രാര്‍ഥന ഏര്‍പ്പെടുത്തുന്നതിനെതിരെ സുപ്രീം കോടതി. ഹിന്ദുത്വ സ്‌കൂളുകളില്‍ കണ്ണടച്ച്, കൈകൂപ്പി നടത്തുന്ന പ്രാര്‍ഥന കേന്ദ്ര സര്‍ക്കാറിന്റെ കീഴിലുള്ള വിദ്യാലയങ്ങളില്‍ നിര്‍ബന്ധമാക്കിയതിനെതിരെയാണ് സുപ്രീം കോടതി വിശദീകരണം തേടിയത്. വിഷയത്തില്‍ കേന്ദ്രീയ വിദ്യാലയ അധികൃതരോടും സര്‍ക്കാരിനോടും വിശദീകരണം ആവശ്യപ്പെട്ട് കോടതി നോട്ടീസ് അയച്ചു. കേന്ദ്രീയ വിദ്യാലയ സ്ഥാപനങ്ങളില്‍ ഭരണഘടനാ തത്വങ്ങള്‍ക്ക് വിരുദ്ധമായി പ്രാര്‍ഥന നടക്കുന്നത് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി.

വിഷയം വളരെ പ്രധാനപ്പെട്ട ഒരു ഭരണഘടനാ പ്രശ്‌നമാണെന്ന് ഹര്‍ജി പരിഗണിച്ച സുപ്രീം കോടതി ബഞ്ച് ചൂണ്ടിക്കാട്ടി. ജസ്റ്റിസ് ആര്‍.എഫ് നരിമാന്‍ തലവനായുള്ള ബഞ്ചാണ് ഹരജി പരിഗണിക്കുന്നത്.

വിനായക് ഷാ എന്ന അഭിഭാഷകനാണ് സൂപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. ഈ വിദ്യാഭ്യാസ സ്ഥാപങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ ഏതു മതത്തില്‍ വിശ്വസിക്കുന്നവരായാലും രാവിലെ നടക്കുന്ന അസംബ്ലിയിലും പൊതു പ്രാര്‍ഥനയിലും പങ്കെടുക്കണമെന്നാണ് നിയമം. കുട്ടികള്‍ കൈകൂപ്പി, കണ്ണടച്ച് പ്രാര്‍ഥന ചൊല്ലുന്നുണ്ട് എന്ന് അധ്യാപകര്‍ ഉറപ്പുവരുത്താറുമുണ്ട്. ഏതെങ്കിലും വിദ്യാര്‍ഥി ഇക്കാര്യത്തില്‍ വീഴ്ചവരുത്തിയാല്‍ എല്ലാവര്‍ക്കും മുന്‍പില്‍ വെച്ച് ശിക്ഷിക്കപ്പെടും. സ്വന്തം മതവും വിശ്വാസവും പിന്‍തുടരാന്‍ ഭരണഘടന നല്‍കുന്ന അവകാശത്തെ ഹനിക്കുന്നതാണ് ഇത്തരത്തിലുള്ള പ്രാര്‍ഥനയെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

മതവിശ്വാസമില്ലാത്തവരും ന്യൂനപക്ഷ വിഭാഗങ്ങളില്‍പ്പെട്ട വിദ്യാര്‍ഥികളും മറ്റും ഇത്തരം നിര്‍ബന്ധപൂര്‍വ്വ പ്രാര്‍ഥനകളില്‍ പങ്കെടുക്കേണ്ടിവരുന്നത് ചൂണ്ടിക്കാട്ടിയാണ് ഹരജി. ഭരണഘടനയുടെ 92ാം അനുച്ഛേദത്തിന്റെ ലംഘനമാണെന്ന് വ്യക്തമാക്കുന്ന ഹര്‍ജി പരിഗണിച്ചാണ് സുപ്രീം കോടതി കേന്ദ്രവിദ്യാലയത്തിനെതിരെ നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്.