ന്യൂഡല്‍ഹി: സ്‌കൂള്‍കുട്ടികള്‍ക്ക് ഉച്ചഭക്ഷണം കഴിക്കാനും കേന്ദ്രസര്‍ക്കാര്‍ ആധാര്‍ നിര്‍ബന്ധമാക്കി.

ഇതോടൊപ്പം സ്‌കൂളുകളില്‍ ഉച്ചഭക്ഷണം പാകം ചെയ്യുന്നവര്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കി. കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന്റേതാണ് തീരുമാനം. സ്‌കൂള്‍ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട എല്ലാ സബ്‌സിഡികളും ആധാറുമായി ബന്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി.
കാര്യക്ഷമതയും സുതാര്യതയും ഉറപ്പുവരുത്താനാണ് നീക്കം. ഉച്ചഭക്ഷണപദ്ധതിയുടെ ആനുകൂല്യം ലഭിക്കണമെന്നാഗ്രഹിക്കുന്ന കുട്ടികള്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാണെന്നറിയിച്ച് സ്‌കൂളുകള്‍ക്ക് വിജ്ഞാപനം നല്‍കും. മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ കീഴിലുള്ള ദേശീയ സ്‌കൂള്‍ വിദ്യാഭ്യാസ സാക്ഷരതാ വകുപ്പ് ആധാറിനായി ജൂണ്‍ 30 വരെ സമയം നല്‍കും.
നിലവില്‍ ആധാര്‍ കാര്‍ഡ് ഇല്ലാത്ത കുട്ടികള്‍ ജൂണ്‍ 30നകം ആധാര്‍ കാര്‍ഡിന് അപേക്ഷ നല്‍കണമെന്നും മന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്.
സ്‌കൂളുകളില്‍ ഉച്ചഭക്ഷണം പാകം ചെയ്യുകയും വിളമ്പുകയും ചെയ്യുന്നവരും ഉച്ചഭക്ഷണ പദ്ധതിയുടെ ആനുകൂല്യം പറ്റുന്നവരായതുകൊണ്ടാണ് അവര്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കിയതെന്നും അധികൃതര്‍ അറിയിച്ചു. സബ്‌സിഡി ലഭിക്കുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ക്കെല്ലാം ആധാര്‍ നിര്‍ബന്ധമാക്കുന്നതിന്റെ കൂടി ഭാഗമായാണ് പുതിയ നീക്കം. 2015-17ല്‍ 10.03 കോടി വിദ്യാര്‍ത്ഥികളാണ് സ്‌കൂളില്‍ നിന്നും ഉച്ചഭക്ഷണം കഴിക്കുന്നത്.
നേരത്തെ അന്തര്‍ മന്ത്രാലയ യോഗം നടന്നപ്പോള്‍ സ്‌കൂള്‍ ഭക്ഷണത്തിന് ആധാര്‍ നിര്‍ബന്ധമാക്കാനുള്ള നീക്കത്തെ സ്‌കൂള്‍ വിദ്യാഭ്യാസ, സാക്ഷരത വകുപ്പ് എതിര്‍ത്തിരുന്നു. സ്‌കൂള്‍ ഉച്ച ഭക്ഷണ കാര്യത്തില്‍ കുറച്ചു കൂടി സ്വാതന്ത്ര്യം വേണമെന്നായിരുന്നു വകുപ്പിന്റെ ആവശ്യം.