തിരുവനന്തപുരം: സംസ്ഥാനത്ത് സെപ്റ്റംബര്‍ – ഒക്ടോബര്‍ മാസങ്ങളില്‍ സ്‌കൂള്‍ തുറക്കാനാവില്ലെന്നാണ് കരുതുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സെപ്റ്റംബറില്‍ തുറക്കണെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടില്ല. സംസ്ഥാനത്ത് ഓഡിറ്റോറിയങ്ങള്‍ പ്രവര്‍ത്തിക്കാന്‍ വ്യവസ്ഥകളോടെ അനുമതി നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചതോടെ അതിഥി തൊഴിലാളികള്‍ വലിയതോതിലാണ് തിരിച്ചെത്തിയിട്ടുള്ളത്്. അവരുടെ താമസസ്ഥലങ്ങളില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ ഉറപ്പാക്കാന്‍ ബന്ധപ്പെട്ട അവര്‍ക്ക് കോണ്‍ട്രാക്റ്റര്‍മാരാണ് നടപടികള്‍ സ്വീകരിക്കേണ്ടത്. അവരില്‍ രോഗബാധിതര്‍ ഉണ്ടോ എന്ന് പരിശോധിച്ച് തീര്‍പ്പാക്കണം. ഇക്കാര്യത്തില്‍ ബന്ധപ്പെട്ട വകുപ്പുകളും തദ്ദേശഭരണ സ്ഥാപനങ്ങളും നടപടികള്‍ സ്വീകരിക്കണം.

സംസ്ഥാനത്ത് ഇന്ന് 2540 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 2110 പേര്‍ രോഗമുക്തരായി. 15 മരണമാണ് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. 2346 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 212 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.