കോഴിക്കോട്: മഹാരാജാസ് കോളജിലെ എസ്.എഫ്.ഐ നേതാവായ അഭിമന്യു കൊല്ലപ്പെട്ട സംഭവത്തില്‍ പങ്കില്ലെന്നു എസ്.ഡി.പി.ഐ. അറസ്റ്റിലായവര്‍ എസ്.ഡി.പി.ഐ അംഗങ്ങളല്ലെന്ന് സംസ്ഥാന പ്രസിഡന്റ് പി.അബ്ദുല്‍ മജീദ് ഫൈസി, ജനറല്‍ സെക്രട്ടറി പി.അബ്ദുല്‍ ഹമീദ് എന്നിവര്‍ പറഞ്ഞു. അവര്‍ പാര്‍ട്ടി അംഗങ്ങളല്ല, അനുഭാവികളാകാമെന്നും അവര്‍ പറയുന്നു.

പാര്‍ട്ടി മുന്നോട്ടുവെക്കുന്ന രാഷ്ട്രീയത്തിനെതിരെ രംഗത്തിറങ്ങുന്നവരെയും അവരുടെ താല്‍പര്യങ്ങളെയും തുറന്നുകാട്ടാന്‍ 20 മുതല്‍ സമ്പര്‍ക്ക സദസ്, വാഹനപ്രചാരണ ജാഥ, കുടുംബ സംഗമം എന്നിവ നടത്താന്‍ സംസ്ഥാന സമിതി യോഗം തീരുമാനിച്ചതായും ഭാരവാഹികള്‍ പറഞ്ഞു.

അതേസമയം, അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍ നാലു പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകര്‍കൂടി അറസ്റ്റിലായി. ഗൂഢാലോചനയില്‍ പങ്കെടുത്ത വെണ്ണല സ്വദേശി അനൂപ്, പ്രതികള്‍ രക്ഷപ്പെടാന്‍ ഉപയോഗിച്ച കാറിന്റെ ഉടമ നിസാര്‍ കരുവേലിപ്പടി എന്നിവരെ സെന്‍ട്രല്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഷാജഹാന്‍, ഷിറാസ് സലിം എന്നീ രണ്ടു പ്രതികള്‍ ആലപ്പുഴയില്‍ അറസ്റ്റിലായിരുന്നു.