എറണാകുളം: ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരുടെ കുത്തേറ്റ് മരിച്ച അഭിമന്യുവിനൊപ്പം ആക്രമിക്കപ്പെട്ട എസ്.എഫ്.ഐ നേതാവായ അര്‍ജ്ജുന്റെ നേതൃത്വത്തില്‍ കെ.എസ്.യു പ്രവര്‍ത്തകര്‍ക്ക് ക്രൂര മര്‍ദനം. മാരകമായി പരിക്കേറ്റതിനെ തുടര്‍ന്ന് ഏറെനാള്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു അര്‍ജ്ജുന്‍. ക്യാമ്പസുകളിലെ അക്രമരാഷ്ട്രീയത്തിന്റെ ഇരയായി എസ്.എഫ്.ഐ ഉയര്‍ത്തിക്കാട്ടിയ മുഖങ്ങളിലൊന്നായിരുന്നു അര്‍ജ്ജുന്‍.

നീണ്ട ചികിത്സക്ക് ശേഷം സെപ്റ്റംബര്‍ 11നാണ് അര്‍ജ്ജുന്‍ ക്യാമ്പസില്‍ തിരിച്ചെത്തിയത്. അക്രമരാഷ്ട്രീയത്തിന്റെ ഇരയെന്ന നിലയില്‍ എസ്.എഫ്.ഐ ഉയര്‍ത്തിക്കാട്ടിയ അര്‍ജ്ജുന്‍ പെട്ടന്ന് തന്നെ വേട്ടക്കാരനായി മാറുന്നതായിരുന്നു പിന്നീട് മഹാരാജാസ് കണ്ടത്. ക്യാമ്പസില്‍ എസ്.എഫ്.ഐ നടത്തുന്ന അക്രമങ്ങളുടെ മുന്‍ നിരയിലെ ഇപ്പോള്‍ അര്‍ജ്ജുനുണ്ട്. കഴിഞ്ഞ ദിവസം മഹാരാജാസില്‍ കെ.എസ്.യു പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദിക്കുന്ന എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് നേതൃത്വം നല്‍കിയത് അര്‍ജ്ജുനാണ്. ഈ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.