കോഴിക്കോട്: സംസ്ഥാനത്ത് നാളെ നടത്താനിരുന്ന എസ്.ഡി.പി.ഐ ഹര്‍ത്താല്‍ പിന്‍വലിച്ചു. കസ്റ്റഡിയിലെടുത്ത നേതാക്കളെ പൊലീസ് വിട്ടയച്ചതിനെ തുടര്‍ന്നാണ് ഹര്‍ത്താല്‍ പിന്‍വലിച്ചത്. നേതാക്കളെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ച കരിദിനം ആചരിക്കുമെന്നും എസ്.ഡി.പി.ഐ നേതാക്കള്‍ അറിയിച്ചു.

കൊച്ചിയില്‍ വാര്‍ത്താസമ്മേളനം നടത്താന്‍ എത്തിയപ്പോഴാണ് എസ്.ഡി.പി.ഐ നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. സംസ്ഥാന പ്രസിഡണ്ട് അബ്ദുല്‍ മജീദ് ഫൈസി, വൈസ് പ്രസിഡണ്ട് എം.കെ മനോജ് കുമാര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി റോയ് അറക്കല്‍, ജില്ലാ പ്രസിഡണ്ട് വി.കെ ഷൗക്കത്തലി, അബ്ദുല്‍ മജീദ് ഫൈസിയുടെ െ്രെഡവര്‍ സക്കീര്‍, ഷൗക്കത്തലിയുടെ െ്രെഡവര്‍ ഷഫീഖ് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നത്. ഹാദിയ കേസിലെ ഹൈക്കോടതി മാര്‍ച്ചുമായി ബന്ധപ്പെട്ടാണ് ഇവരെ കസ്റ്റഡിയിലെടുത്തതെന്ന് പൊലീസ് പറഞ്ഞു.