കാന്‍പൂര്‍: ഉത്തര്‍പ്രദേശിലെ കാന്‍പൂരില്‍ ട്രെയിന്‍ പാളം തെറ്റി രണ്ടു മരണം. കാന്‍പൂരില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെ റൂറക്കു സമീപം അജ്മീര്‍-സിയാല്‍ദ എക്‌സ്പ്രസിന്റെ 14 ബോഗികളാണ് പാളം തെറ്റിയത്. പുലര്‍ച്ചെ 5.20നാണ് അപകടമുണ്ടായത്. ഗാര്‍ഡ് ഉള്‍പ്പെടെ നാല്‍പതോളം പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. ജില്ലാ ഭരണകൂടത്തിന്റെയും റെയില്‍വെയുടെയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. മുതിര്‍ന്ന റെയില്‍വെ ഉദ്യോഗസ്ഥര്‍ അപകടസ്ഥലത്ത് എത്തിയിട്ടുണ്ട്.

_a64833cc-ccac-11e6-a1a7-f672457d0d7f
സംഭവത്തെത്തുടര്‍ന്ന് കാന്‍പൂര്‍ വഴിയുള്ള ട്രയിന്‍ ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ട നിലയിലാണ്. അപകടം നടന്നയുടന്‍ രക്ഷാപ്രവര്‍ത്തകരും അധികൃതരും സ്ഥലത്തെത്തിയതും അപകടത്തിന്റെ ഭീകരത കുറച്ചതായി റെയില്‍വെ അധികൃതര്‍ പറഞ്ഞു. അതേസമയം അപകടത്തിന്റെ കാരണം വ്യക്തമായിട്ടില്ല. അന്വേഷണം ആരംഭിച്ചതായി റെയില്‍വെ വിഭാഗം അറിയിച്ചു.

_e07ed3fc-ccac-11e6-a1a7-f672457d0d7f
കാന്‍പൂരിലെ ദെഹത് ജില്ലയില്‍ 140 പേരുടെ ജീവനെടുത്ത ഇന്‍ഡോര്‍-പട്‌ന എക്‌സ്പ്രസ് അപകടം നടന്ന് ഒരു മാസം കഴിയുമ്പോഴാണ് വീണ്ടും അപകടമുണ്ടായിരിക്കുന്നത്. നവംബര്‍ 20ന് നടന്ന അപകടത്തില്‍ 200-ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.