ന്യൂഡല്‍ഹി: കാണ്‍പൂര്‍ ടൗണില്‍ മഖ്ബറക്കു നേരെ ഹിന്ദുത്വ പ്രവര്‍ത്തകരുടെ ആക്രമണം. മഖ്ബറ കെട്ടിടം തകര്‍ക്കുകയും ഭിത്തിയില്‍ കാവി നിറം പൂശുകയും ചെയ്തു. സംഭവത്തില്‍ പൊലീസ് കേസെടുത്തെങ്കിലും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തില്ല. കഴിഞ്ഞ ജനുവരി 17നാണ് സംഭവം.

ഹിന്ദുത്വ സംഘടനകളിലെ വ്യക്തികളാണ് ആക്രമണത്തിനു പിന്നിലെന്ന് കാണ്‍പൂര്‍ നഗരത്തിലെ ഖാസി അബ്ദുല്‍ ഖുദോസ് പറഞ്ഞു. ‘കഴിഞ്ഞ മൂന്ന് ദിവസമായി വിശ്വ ഹിന്ദു പരിഷത്തിലെയും ബജ്‌റംഗ്ദളിലെയും അക്രമികള്‍ കുഴപ്പമുണ്ടാക്കുകയാണ്. ഇതുസംബന്ധിച്ച് ബിത്തൂര്‍ പോലിസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. എന്നാല്‍ ഒരു നടപടിയും സ്വീകരിച്ചില്ല. പൊലീസ് നടപടിയെടുത്തിരുന്നുവെങ്കില്‍ ഇത് സംഭവിക്കില്ലായിരുന്നുവെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അവര്‍ അതിക്രമിച്ചു കയറി നശിപ്പിക്കുകയും ഭിത്തിയില്‍ ‘ജയ് ശ്രീ റാം’ എന്നെഴുതിയതായും അദ്ദേഹം പറഞ്ഞു. സംഭവം ഉടന്‍ തന്നെ പൊലീസില്‍ അറിയിച്ചെങ്കിലും നടപടിയൊന്നുമുണ്ടായില്ല.

ജനുവരി 17 ന് കാണ്‍പൂരിലെ ബിത്തൂര്‍ പ്രദേശത്തെ രാംധാം ചൗരഹയിലാണ് സംഭവം. പള്ളി മതിലിനും കാവി പൂശിയതായി റിപോര്‍ട്ടുകളുണ്ടെങ്കിലും ബിത്തൂര്‍ പോലിസ് സ്‌റ്റേഷനിലെ എസ്എച്ച്ഒ കുശാലേന്ദ്ര പ്രതാപ് സിങ് ഇക്കാര്യം നിഷേധിച്ചു. മഖ്ബറ കെട്ടിടത്തിന്റെ പുറം മതിലില്‍ മാത്രമാണ് കാവിനിറം പൂശിയതെന്നും അദ്ദേഹം പറഞ്ഞു.