കാന്‍പൂര്‍: ഉത്തര്‍പ്രദേശില്‍ ട്രെയിന്‍ പാളം തെറ്റിയുണ്ടായ അപകടത്തില്‍ സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ 91 പേര്‍ മരിച്ചു. കാന്‍പൂരില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെ പുക്രയാനില്‍ പട്‌ന-ഇന്‍ഡോര്‍ എക്‌സ്പ്രസാണ് അപകടത്തില്‍പ്പെട്ടത്. പുലര്‍ച്ചെ മൂന്നു മണിയോടെയാണ് അപകടം. നാലു ഏസി കോച്ചുകളുള്‍പ്പെടെ പട്‌ന-ഇന്‍ഡോര്‍ എക്‌സ്പ്രസിന്റെ 14 കോച്ചുകളാണ് പാളം തെറ്റിയത്. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ പലരുടെയും നില ഗുരുതരമായതിനാല്‍ മരണസംഖ്യ ഉയരാനിടയുണ്ടെന്ന് ആസ്പത്രി വൃത്തങ്ങള്‍ പറഞ്ഞു. കോച്ചുകളില്‍ നിരവധി ആളുകള്‍ കുടുങ്ങി കിടക്കുന്നതായാണ് വിവരം. സമീപകാലത്ത് ഇന്ത്യയില്‍ നടന്ന ഏറ്റവും വലിയ ട്രയിന്‍ ദുരന്തമാണിത്.

cxq0zlnveaaes1c

91 പേരുടെ മൃതദേഹം കണ്ടെടുടത്തതായി ഉത്തര്‍പ്രദേശ് എഡിജി (ക്രമസമാധാനം) ദല്‍ജീത് സിങ് ചൗധരി പറഞ്ഞു. രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കാന്‍ യു.പി മുഖ്യമന്ത്രി അഖിലേഷ് യാദവ് ഡിജിപിക്ക് നിര്‍ദേശം നല്‍കി. അതേസമയം സംഭവത്തില്‍ റെയില്‍വെമന്ത്രി സുരേഷ് പ്രഭു അന്വേഷണത്തിന് ഉത്തരവിട്ടു.