ന്യൂഡല്‍ഹി: നോട്ടുകളുടെ സുരക്ഷാക്രമീകരണങ്ങളില്‍ മാറ്റം വരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചന. ഓരോ 3-4 വര്‍ഷം കൂടുമ്പോഴും 2,000, 500 രൂപ നോട്ടുകളുടെ സുരക്ഷാ ക്രമീകരണങ്ങളില്‍ മാറ്റംവരുത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായാണ് റിപ്പോര്‍ട്ട്. നോട്ട് പിന്‍വലിക്കലിനു ശേഷമുള്ള നാലു മാസത്തിനിടയില്‍ രാജ്യത്ത് വലിയതോതിലുള്ള കള്ളനോട്ടുകള്‍ പിടികൂടിയ സാഹചര്യത്തിലാണ് നടപടി.

ധനമന്ത്രാലയത്തിന്റെയും ആഭ്യന്തര മന്ത്രാലയത്തിന്റെയും മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി ആഭ്യന്തര സെക്രട്ടറി രാജീവ് മെഹ്‌റിഷി ഇതുസംബന്ധിച്ചു ചര്‍ച്ച നടത്തി.
മിക്കവാറും എല്ലാ വികസിത രാജ്യങ്ങളും 3-4 വര്‍ഷം കൂടുമ്പോള്‍ സുരക്ഷാ ക്രമീകരണങ്ങളില്‍ മാറ്റം വരുത്താറുണ്ടെന്നും ഇന്ത്യയും ഈ നയം സ്വീകരിക്കണമെന്നുമാണ് ചര്‍ച്ച മുന്നോട്ടുവെച്ചത്.

3-4 വര്‍ഷം കൂടുമ്പോള്‍ നോട്ടുകളിലെ സുരക്ഷാ മാറ്റം കള്ളനോട്ട് തടയാന്‍ സഹായിക്കുമെന്ന് ഉദ്യാഗസ്ഥര്‍ പറയുന്നു. അതേസമയം പുതിയ നോട്ടിലെ 17 സുരക്ഷാ സവിശേഷതകളില്‍ 11 എണ്ണവും പുതിയ കള്ളനോട്ടുകളില്‍ കണ്ടെത്തിയതായും ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് ചെയ്തു. കള്ളനോട്ടില്‍ ഗവര്‍ണറുടെ ഒപ്പ് മുതല്‍ വാട്ടര്‍മാര്‍ക്ക്, അശോകസ്തംഭം, നോട്ടിന്റെ ഇടതുവശത്തുള്ള അക്കം എഴുത്ത് തുടങ്ങിയവയൊക്കെ ഉണ്ടായിരുന്നു.

പുതിയതായി ഇറക്കിയ 2,000, 500 രൂപ നോട്ടുകളില്‍ മറ്റുനോട്ടുകള്‍ക്കില്ലാത്ത ഒരു പുതിയ സുരക്ഷാ ക്രമീകരണങ്ങളും ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. നോട്ട് പിന്‍വലിക്കലിന് മുന്‍പുവരെ വളരെ കാലംകൂടിയാണ് ഉയര്‍ന്ന മൂല്യമുള്ള നോട്ടുകളുടെ സുരക്ഷാ രൂപകല്‍പനയില്‍ മാറ്റങ്ങള്‍ വരുത്തിയിരുന്നത്. എന്നാല്‍ 1000 രൂപയുടെ നോട്ടില്‍ കാര്യമായ മാറ്റങ്ങളൊന്നും ഇതുവരെ വരുത്തിയിട്ടുമില്ല. 1987ല്‍ പുറത്തിറങ്ങിയ 500 രൂപ നോട്ട് ഒരു പതിറ്റാണ്ട് മുമ്പ് രൂപകല്‍പ്പന ചെയ്തതാണ്.

അതേസമയം, നോട്ട് നിരോധനത്തിന് ശേഷവും ഇപ്പോള്‍ രാജ്യത്ത് 400 കോടി രൂപയുടെ കള്ളനോട്ടുകളാണ് വിപണിയിലുള്ളതെന്നാണ് ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ റിപ്പോര്‍ട്ട്.