ന്യൂഡല്‍ഹി: സീതാറാം യച്ചൂരി രാജ്യസഭയിലേക്ക് വീണ്ടും മല്‍സരിക്കേണ്ടതില്ലെന്ന നിലപാടില്‍ പൊളിറ്റ് ബ്യൂറോ ഉറച്ചു നില്‍ക്കുന്ന സാഹചര്യത്തില്‍ രാജ്യസഭാ സ്ഥാനാര്‍ഥിയാകാനില്ലെന്നു സിപിഎം ജനറല്‍സെക്രട്ടറി സീതാറാം യച്ചൂരി. ഇക്കാര്യം ചൊവ്വാഴ്ച കേന്ദ്രകമ്മിറ്റിയെ അറിയിക്കും.

യച്ചൂരി മല്‍സരിക്കുന്നതിനെ പിന്തുണച്ചു വി.എസ്. അച്യുതാനന്ദന്‍ അടക്കമുളളവര്‍ രംഗത്തെത്തിയിരുന്നു. ഇക്കാര്യം കേന്ദ്രകമ്മിറ്റിയില്‍ ആവശ്യപ്പെടുമെന്ന് വിഎസ് പറഞ്ഞു. എന്നാല്‍ യച്ചൂരിയുടെ നിലാപാടില്‍ മാറ്റമില്ലന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

അതേസമയം, സിപിഎം കേന്ദ്ര കമ്മിറ്റിയോഗം ഡല്‍ഹിയില്‍ തുടങ്ങി. സീതാറാം യച്ചൂരി രാജ്യസഭയിലേക്ക് വീണ്ടും മല്‍സരിക്കണമോയെന്ന് മൂന്നു ദിവസത്തെ കേന്ദ്ര കമ്മിറ്റിയില്‍ തീരുമാനമാകും. മല്‍സരിക്കേണ്ടതില്ലെന്ന പൊളിറ്റ് ബ്യൂറോ തീരുമാനം സിസിയില്‍ റിപ്പോര്‍ട്ട് ചെയ്യും. എന്നാല്‍ യച്ചൂരി മല്‍സരിക്കണമെന്ന ആവശ്യം ബംഗാള്‍ ഘടകം കേന്ദ്രകമ്മിറ്റിയില്‍ ഉന്നയിക്കും. കേന്ദ്രകമ്മിറ്റിയില്‍ വോട്ടെടുപ്പിനായി ബംഗാള്‍ ഘടകം വാദിച്ചേക്കുമെന്നറിയുന്നു.

എന്നാല്‍ കോണ്‍ഗ്രസ് പിന്തുണയോടെ യച്ചൂരി രാജ്യസഭയിലെത്തുന്നതിനെ പ്രകാശ് കാരാട്ട് പക്ഷം എതിര്‍ക്കുന്നു. കേരളഘടകത്തിന്റെ പിന്തുണ കാരാട്ട് പക്ഷത്തിനാണ്. രാജ്യസഭയിലേക്ക് ഒരാള്‍ പരമാവധി രണ്ടുതവണ അംഗമായാല്‍ മതിയെന്ന പാര്‍ട്ടി കീഴ്‌വഴക്കം യച്ചൂരിക്ക് വേണ്ടി ഭേദഗതി ചെയ്യേണ്ടെന്നാണു പിബിയില്‍ ഭൂരിപക്ഷ നിലപാട്. എന്നാല്‍ ഇപ്പോള്‍ യച്ചൂരിയെ വിജയിപ്പിക്കാനുള്ള അവസരം മുതലെടുത്തില്ലെങ്കില്‍ ബംഗാളില്‍ നിന്നു രാജ്യസഭയില്‍ അംഗങ്ങളില്ലാത്ത അവസ്ഥയാകുമെന്നാണു ബംഗാള്‍ ഘടകത്തിന്റെ നിലപാട്.

ബംഗാളിലും ഗുജറാത്തിലും മധ്യപ്രദേശിലുമായി 10 രാജ്യസഭാ സീറ്റുകളിലേക്ക് അടുത്തമാസം എട്ടിനാണു തിരഞ്ഞെടുപ്പ്. നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയതി വെള്ളിയാഴ്ചയാണ്. ബംഗാളില്‍ മല്‍സരം നടക്കുന്ന ആറില്‍ അഞ്ചുസീറ്റും ജയിക്കാന്‍ തൃണമൂലിന് സാധിക്കും. അവസാനിക്കുന്ന ഒരു സീറ്റില്‍ സീതാറാം യച്ചൂരിയാണ് സ്ഥാനാര്‍ഥിയെങ്കില്‍ പിന്തുണയ്ക്കാമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്.

ഒരിക്കല്‍ കൂടി സിപിഐഎം സംസ്ഥാനി സെക്രട്ടറി സീതാറാം യെച്ചൂരി രാജ്യസഭയിലേക്ക് മത്സരിക്കേണ്ടെന്ന നിലപാടിലുറച്ചാണ് പോളിറ്റ് ബ്യൂറോ. നിലവില്‍ രാജ്യസഭാംഗമായ യെച്ചൂരിയുടെ കാലാവധി അടുത്ത മാസത്തോടെ അവസാനിക്കും. രാജ്യസഭയിലേക്ക് യെച്ചൂരിയെ വീണ്ടും ബംഗാളില്‍ നിന്ന് സ്ഥാനാര്‍ത്ഥിയായി മത്സരിപ്പിക്കണമെന്നാണ് ബംഗാള്‍ ഘടകത്തിന്റെ നിലപാട്. കോണ്‍ഗ്രസിന്റെ പിന്തുണയുണ്ടെങ്കിലേ യെച്ചൂരിക്ക് രാജ്യസഭാംഗമാവാന്‍ സാധിക്കു. യെച്ചൂരിയാണെങ്കില്‍ പിന്തുണക്കാമെന്ന് കോണ്‍ഗ്രസ് അറിയിച്ചിട്ടുമുണ്ട്.