ബെംഗളൂരു: യാത്രക്കാരിയെ പീഡിപ്പിച്ച് നഗ്നചിത്രങ്ങളെടുത്ത ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസായ ഒല ക്യാബ്‌സിലെ ഡ്രൈവര്‍ അറസ്റ്റില്‍. വി. അരുണ്‍ ആണ് അറസ്റ്റിലാണ്. ആര്‍കിടെക്റ്റായ യുവതിയാണ് മാനഭംഗത്തിനിരയായത്. കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. വിമാനത്താവളത്തിലേക്ക് പോകാനാണ് യുവതി ടാക്‌സി വിളിച്ചത്.

മുംബൈ വിമാനം ലഭിക്കാന്‍ വേഗം കൂട്ടണമെന്നാവശ്യപ്പെട്ടപ്പോള്‍ വേഗം എത്തുമെന്ന് പറഞ്ഞ് ഇടവഴി തിരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ വിജനമായ സ്ഥലത്തെത്തിയപ്പോള്‍ ഡ്രൈവര്‍ കാര്‍ നിര്‍ത്തുകയും യുവതിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിക്കുകയുമായിരുന്നു. വഴങ്ങിയില്ലെങ്കില്‍ കൂടുതല്‍ ആളുകളെ വിളിച്ച് കൂട്ടമാനഭംഗത്തിനിരയാക്കുമെന്ന് ഭീഷണിപ്പെടുത്തിയ ഇയാള്‍ യുവതിയുടെ വസ്ത്രങ്ങളഴിപ്പിച്ച് നഗ്നചിത്രങ്ങളെടുത്ത് വാട്‌സ്ആപ്പ് വഴി പ്രചരിപ്പിക്കുകയും ചെയ്തു.

വെരിഫിക്കേഷനില്ലാതെ ഇയാളെ ഡ്രൈവറായെടുത്തതില്‍ വിശദീകരണം ആവശ്യപ്പെട്ട് ഒല കമ്പനിക്ക് പൊലീസ് നോട്ടീസയച്ചു. സംഭവം നടന്ന് മൂന്ന് മണിക്കൂറിനകം പ്രതിയെ പിടികൂടി. അക്രമത്തിനിരയായ പെണ്‍കുട്ടി സംഭവം നടന്ന് വൈകാതെ പൊലീസിനെ വിവരമറിയിച്ചതാണ് പ്രതിയെ പിടികൂടാന്‍ സഹായിച്ചത്.