സിഡ്‌നി: സഹപ്രവര്‍ത്തകനായ പുരോഹിതന്‍ നടത്തിയ ബാല ലൈംഗികപീഡനം മറച്ചുവെച്ചതിന് ഓസ്‌ട്രേലിയന്‍ കത്തോലിക്ക ആര്‍ച്ച്ബിഷപ്പ് ഫിലിപ്പ് വില്‍സണ്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. ന്യൂ സൗത്ത് വേല്‍സിലെ പുരോഹിതന്‍ നടത്തിയ പീഡനങ്ങളെക്കുറിച്ച് അറിവുണ്ടായിട്ടും മറച്ചുവെച്ചുവെന്നാണ് കേസ്. ശിക്ഷ ജൂണില്‍ വിധിക്കും. പരമാവധി രണ്ട് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് അദ്ദേഹത്തിനെതിരെ ചുമത്തിയിരിക്കുന്നത്.
അഡലെയ്ഡ് ആര്‍ച്ച് ബിഷപ്പായ വില്‍സണിന്റെ വാദങ്ങള്‍ ന്യൂ കാസില്‍ കോടതി തള്ളുകയായിരുന്നു. 1970കളില്‍ മെയിറ്റ്‌ലാന്റിലെ ചര്‍ച്ചില്‍ സേവനമനുഷ്ഠിച്ചിരുന്ന കാലത്താണ് കേസിനാസ്പദമായ പീഡനങ്ങള്‍ നടന്നത്. വില്‍സന്റെ സഹപ്രവര്‍ത്തകനായ വികാരി ജെയിംസ് ഫ്‌ളെച്ചര്‍ സഹായികളായിരുന്ന ഒമ്പത് കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്.