കൊല്ലം:സിഐ അടക്കം അമ്പതോളം പോലീസുകാര്‍ നോക്കി നില്‍ക്കെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ എബിവിപി പ്രവര്‍ത്തകന്റെ തല കല്ലുകൊണ്ട് അടിച്ചുപൊട്ടിച്ചു. കൊല്ലം ഈസ്റ്റ് പോലീസ് സ്‌റ്റേഷനിലാണ് സംഭവം. പരിക്കേറ്റ എബിവിപി പ്രവര്‍ത്തകന്‍ കൊല്ലം എസ്എന്‍ ലോ കോളേജ് വിദ്യാര്‍ഥി അജിത്തിനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമം തടയാന്‍ പോലീസ് ഇടപെട്ടില്ലെന്ന് എബിവിപി ആരോപിച്ചു.

എസ്എന്‍ ലോ കോളേജില്‍ എബിവിപി യൂണിറ്റ് രൂപീകരിക്കാനുള്ള ശ്രമം എസ്എഫ്‌ഐ തടഞ്ഞതോടെയാണ് സംഘര്‍ഷങ്ങളുടെ തുടക്കം. സ്ഥലത്തെത്തിയ പോലീസുകാരേയും എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചു. ഈസ്റ്റ് എസ്‌ഐക്ക് കൈക്ക് പരിക്കേറ്റു. തുടര്‍ന്ന് നാല് എസ്എഫ്‌ഐ പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് എത്തിയ എസ്എഫ്‌ഐക്കാരാണ് സ്റ്റേഷനിലേക്ക് വന്ന അജിത്ത് അടക്കമുള്ള എബിവിപി പ്രവര്‍ത്തകരെ ആക്രമിച്ചത്.