കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ക്യാമ്പസുകളിൽ നടന്ന കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ എം.എസ്.എഫിനെ തോൽപിക്കാൻ എസ്.എഫ്.ഐയുടെ വ്യാപക അവിശുദ്ധ സഖ്യങ്ങൾ. വെൽഫെയർ പാർട്ടിക്കെതിരെ ഘോരഘോരം പ്രസംഗിക്കുകയും എം.എസ്.എഫിനെ വർഗീയവാദികളായി ചിത്രീകരിക്കാൻ വെൽഫെയർ പാർട്ടി വിദ്യാർത്ഥി വിഭാഗമായ ഫ്രട്ടേണിറ്റി ബന്ധത്തെക്കുറിച്ച് പറയുകയും ചെയ്യുന്ന അതേ എസ്.എഫ്.ഐ മണ്ണാർക്കാട് എം.ഇ.എസ് കല്ലടി കോളേജിൽ എം.എസ്.എഫിനെ തോൽപിക്കാൻ ഫ്രട്ടേണിറ്റിയുമായി ധാരണയുണ്ടാക്കി.
തെരഞ്ഞെടുപ്പിന് മുമ്പ് നടന്ന ധാരണ തെരഞ്ഞെടുപ്പിന് ശേഷം ജനറൽ സീറ്റുകളിലേക്ക് മത്സരിച്ചപ്പോഴും തുടർന്നു. മൂന്ന് ക്ലാസ് പ്രതിനിധികൾ മാത്രമുള്ള ഫ്രട്ടേണിറ്റി സ്ഥാനാർത്ഥിക്ക് ജനറൽ ക്യാപ്റ്റൻ സ്ഥാനത്തേക്ക് വോട്ട് ചെയ്തത് എസ്.എഫ്.ഐ പ്രതിനിധികൾ. പകരം ചെയർമാൻ സ്ഥാനം ഉൾപ്പെടെ വിവിധ സീറ്റുകളിൽ ഫ്രട്ടേണിറ്റി എസ്.എഫ്.ഐയെ പിന്തുണച്ചു. എസ്.എഫ്.ഐയുടെ മുൻ നേതാവ് പി.എം ആർഷോ മണ്ണാർക്കാട്ട് ക്യാമ്പ് ചെയ്താണ് ഈ സഖ്യത്തിന് ചുക്കാൻ പിടിച്ചത്.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്ക് കീഴിലുള്ള വിവിധ ക്യാമ്പസുകളിൽ എസ്.എഫ്.ഐ-ഫ്രട്ടേണിറ്റി ബന്ധം പ്രകടമായിരുന്നു. എസ്.എഫ്.ഐക്കെതിരെ നിരന്തരം ശബ്ദമുയർത്തുന്ന ഫ്രട്ടേണിറ്റിക്കാരും യാതൊരു മനസ്സാക്ഷിക്കുത്തുമില്ലാതെ ഈ അവിശുദ്ധ ബാന്ധവത്തിന് മുന്നിൽ തലകുനിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്ക് കീഴിലുള്ള നിരവധി ക്യാമ്പസുകളിൽ ഈ ബന്ധത്തിലൂടെ എസ്.എഫ്.ഐക്ക് സീറ്റുകൾ ലഭിച്ചു.