kerala

എസ്.എഫ്.ഐ നടത്തുന്നത് ഇടത് ഹിന്ദുത്വ അജണ്ടയുടെ പ്രചാരണം: പി.കെ നവാസ്

By webdesk17

August 17, 2025

കോഴിക്കോട് : സി.പി.എമ്മിനകത്തുള്ള ഇടത്-ഹിന്ദുത്വ അജണ്ടയുടെ പ്രചാരണമാണ് എസ്.എഫ്.ഐ നടത്തുന്നതെന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡണ്ട് പി.കെ നവാസ്. ഹിന്ദു ഐക്യമുന്നണി നേതാവ് ശശികലയിട്ട ഇലയില്‍ സദ്യ വിളമ്പുകയാണ് എസ്.എഫ്.ഐയെന്നും അദ്ദേഹം പറഞ്ഞു കോഴിക്കോട് ലീഗ് ഹൗസില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു നവാസ്.

കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ശക്തമായ തിരിച്ചടി നേരിട്ട എസ്.എഫ്.ഐ അതിനെ മറികടക്കാനാണ് നുണ പ്രചാരണങ്ങള്‍ നടത്തുന്നത്. ഒരിക്കലുമില്ലാത്ത തരത്തില്‍ എം.എസ്.എഫിനെതിരെ വര്‍ഗീയ-വംശീയ ആരോപണങ്ങളുമായി എസ്.എഫ്.ഐയുടെ സംസ്ഥാന സെക്രട്ടറി തന്നെ മുന്നോട്ടു വന്നിരിക്കുകയാണ്. മുന്‍ സെക്രട്ടറി ആര്‍ഷോ അതിന് പിന്തുണക്കുകയും ചെയ്തിരിക്കുന്നു. എം.എസ്.എഫിനെതിരായ വര്‍ഗീയ ആരോപണത്തിന് പിന്തുണ ലഭിച്ചിരിക്കുന്നത് ശശികലയില്‍ നിന്ന് മാത്രമാണ്. സി.പി.എമ്മിന്റെ നേതാക്കള്‍ പോലും എസ്.എഫ്.ഐയുടെ ആരോപണത്തെ ഏറ്റുപിടിക്കുകയുണ്ടായില്ലെന്നും പി.കെ നവാസ് പറഞ്ഞു. യൂണിയന്‍ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കണ്ണൂരില്‍ നടന്ന അക്രമ സംഭവവുമായി ബന്ധപ്പെട്ട് നട്ടാല്‍ മുളക്കാത്ത നുണകളാണ് സി.പിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ.കെ രാഗേഷും എസ്.എഫ്.ഐ നേതൃത്വവും നടത്തുന്നത്. ചെങ്കോട്ടയെന്ന് അവര്‍ തന്നെ വിളിക്കുന്ന കണ്ണൂര്‍ സര്‍വകലാശാലയില്‍ ശക്തമായ മുന്നേറ്റം എം.എസ്.എഫ് കാഴ്ചവെക്കുകയുണ്ടായി. എം.എസ്.എഫ് പ്രവര്‍ത്തകനെ തട്ടിക്കൊണ്ടു പോവുക ഉള്‍പ്പെടെ ചെയ്തു. എന്നിട്ടും പൊലീസിനെ ഉപയോഗിച്ച് എം.എസ്.എഫുകാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചേര്‍ത്ത് കേസെടുപ്പിക്കുകയാണ് ഇടതു ഗവണ്‍മെന്റ് ചെയ്തത്.

എസ്.എഫ്.ഐ ജയിച്ചതെല്ലാം ഗവണ്‍മെന്റ് കോളജുകളിലാണെന്നും എം.എസ്എഫ് വിജയിച്ചാക തട്ടിന്‍പുറത്തെ അറബി കോളജുകളില്‍ നിന്നുമാണെന്ന എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയുടെ ആരോപണം വംശീയ വെറിയാണെന്ന് നവാസ് പറഞ്ഞു. അറബി കോളജുകളില്‍ നിന്നും യു.യു.സിമാരുണ്ടാകുന്നത് ഒരു കുറച്ചിലായി എം.എസ്.എഫ് കാണുന്നില്ല. അറബി കോളജുകളില്‍ അറബി മാത്രമല്ല പഠിപ്പിക്കുന്നത്. എസ്.എഫ്.ഐ വിജയം നേടിയത് ഗവണ്‍മെന്റ് കോളജുകളിലാണെന്ന പ്രസ്താവന തന്നെ വസ്തുതാ വിരുദ്ധമാണ്. വര്‍ഷങ്ങളായി ആധിപത്യമുളള കോളജുകളിലെല്ലാം എസ്.എഫ്.ഐക്ക് കാലിടറുന്നതാണ് കണ്ടത്. അതിനു തുടര്‍ച്ചയായാണ് വര്‍ഗീയ ആരോപണങ്ങളുമായി അവര്‍ മുന്നോട്ടു വന്നതും.

കോഴിക്കോട് ജില്ലയിലെ 10 ഗവണ്‍മെന്റ് കോളജുകളിലെ അഞ്ച് കോളജുകളിലും മലപ്പുറം ജില്ലയിലെ 10 കോളജുകളില്‍ 7 കോളജുകളും ഭരണം നടത്തുന്നത് എം.എസ്.എഫ് മുന്നണിയാണ്. കാസര്‍കോട് ജില്ലയില്‍ ആറ് കോളജുകളില്‍ മൂന്ന് കോളജുകളില്‍ എം.എസ്.എഫ് ആണ് വിജയിച്ചത്. കണ്ണൂര്‍ ജില്ലയിലെ വി.കെ. കൃഷ്ണമേനോന്‍ കോളജ് ഉള്‍പ്പെടെയുള്ള കലാലയങ്ങളില്‍ എസ്.എഫ്.ഐയെ എം.എസ്.എഫ് ഞെട്ടിക്കുക തന്നെ ചെയ്തു. എസ്.എഫ്.ഐയുടെ കോട്ടകളിലെല്ലാം കടന്നു ചെന്ന് എം.എസ്.എഫ് വിജയക്കൊടി പാറിച്ചു. സ്‌കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും എസ്.എഫ്.ഐ നിലംതൊട്ടില്ല. ഇതേ തുടര്‍ന്നാണ് വര്‍ഗീയ ആരോപണങ്ങളുമായി രംഗത്തു വന്നിരിക്കുന്നത്. വിദ്യാര്‍ഥി സമൂഹം എസ്.എഫ്.യുടെ ആരോപണങ്ങളെ തളളികളയുമെന്നും പി.കെ നവാസ് പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ എം.എസ്.എഫ് സംസ്ഥാന ട്രഷറര്‍ അഷ്ഹര്‍ പെരുമുക്ക്, കോഴിക്കോട് ജില്ലാ പ്രസിഡണ്ട് അഫ്നാസ് ചോറോട്, ജനറല്‍ സെക്രട്ടറി സ്വാഹിബ് മുഹമ്മദ് എന്നിവര്‍ പങ്കെടുത്തു.