പത്തനംതിട്ട: സംഘപരിവാര്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ കേട്ടുണര്‍ന്ന വൃശ്ചിക പുലരിയില്‍ ശബരിമലയില്‍ തീര്‍ത്ഥാടകരുടെ വരവില്‍ കുറവ്. പുലര്‍ച്ചെ തിരക്ക് അനുഭവപ്പെട്ടെങ്കിലും തുടര്‍ന്നുള്ള മണിക്കൂറുകളില്‍ മലകയറി എത്തിയവരുടെ എണ്ണം ചുരുങ്ങി. തീര്‍ഥാടനകാലത്തെ ആദ്യ ശനിയാഴ്ചയില്‍ തീര്‍ഥാടകരുടെ ബാഹുല്യമാണ് അനുഭവപ്പെടാറ്. എന്നാല്‍, കോടതി വിധിയുടെ പശ്ചാത്തലത്തില്‍ അടുത്തിടെ നടന്ന സംഘര്‍ഷങ്ങള്‍ ഭക്തരുടെ വരവിന് തടസമാകുകയായിരുന്നു. പൊലീസ്-സംഘപരിവാര്‍ സംഘടനകളുടെ കൈയാങ്കളിയാണ് ശബരിമല തീര്‍ത്ഥാടനത്തില്‍ കാണുന്നത്. രാത്രി മലയറാനെത്തിയ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനെ നിലയ്ക്കലില്‍ വെച്ച് പൊലീസ് കസ്റ്റഡിലെടുത്തു. സുരക്ഷ മുന്‍നിര്‍ത്തിയാണ് കരുതല്‍ തടങ്കലിലാക്കിയതെന്ന് പൊലീസ് വ്യക്തമാക്കി.
പുലര്‍ച്ചെ മൂന്നിന് പുതിയ മേല്‍ശാന്തി വി എന്‍ വാസുദേവ നമ്പൂതിരി നട തുറന്നു. നേരത്തെ മല കയറിയെത്തിയവര്‍ ദര്‍ശനം കഴിഞ്ഞ് മടങ്ങി. ക്ഷേത്രത്തില്‍ സമാധാന അന്തരീക്ഷമാണ് വേണ്ടതെന്ന് മേല്‍ശാന്തി പറഞ്ഞു. പ്രതിഷേധങ്ങള്‍ക്ക് വേദിയാകാനുള്ള സാധ്യത കണക്കിലെടുത്ത് നടപ്പന്തിലിലും സന്നിധാനത്തെ മറ്റിടങ്ങളിലും പൊലീസ് സുരക്ഷ ഒരുക്കി. ശബരിമലയില്‍ ഭക്തരെ ഒരു രാത്രി തങ്ങാന്‍ അനുവദിക്കാന്‍ തീരുമാനമായിട്ടുണ്ട്. അധികദിവസം താമസിക്കാന്‍ അനുവദിക്കില്ലെങ്കിലും നെയ്യഭിഷേകത്തിന് സാഹചര്യമൊരുക്കാനാണ് നിയന്ത്രണങ്ങളില്‍ ഇളവ് . ശബരിമലയിലെ സാഹചര്യങ്ങള്‍ ഡി ജി പി മുഖ്യമന്ത്രിയെ അറിയിച്ചു.

ശബരിമലയില്‍ ഭക്തര്‍ക്ക് മേലുള്ള നിയന്ത്രണത്തില്‍ കടുത്ത അതൃപ്തി ദേവസ്വം ബോര്‍ഡ് പരസ്യമായി പ്രകടിപ്പിച്ചിരുന്നു. ദേവസ്വം ബോര്‍ഡും ദേവസ്വം മന്ത്രിയും അതൃപ്തി അറിയിച്ചതോടെ പൊലീസ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താന്‍ തീരുമാനിച്ചു. ഭക്തരെ സന്നിധാനത്ത് താമസിക്കാന്‍ അനുവദിക്കില്ലെങ്കിലും നെയ്യഭിഷേകത്തിനായി ഒരു രാത്രി തങ്ങാന്‍ അനുവദിക്കാനാണ് തീരുമാനം. ശബരിമലയിലെ സ്ഥിതി ഗതികള്‍ ഡി ജി പി മുഖ്യമന്തിയെ അദ്ദേഹത്തിന്‍െ ഓഫീലെത്തി അറിയിച്ചു. കെ പി ശശികലയെ അറസ്റ്റു ചെയ്ത സാഹചര്യവും ഡി.ജി.പിയെ മുഖ്യമന്തിയെ അറിയിച്ചു.

വൃശ്ചിക പുലരിയില്‍ ശബരിമല സന്നിധാനത്ത് ദര്‍ശനത്തിനായി അധികവും തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്നുള്ള അയ്യപ്പന്മാരാണ് വലിയ തോതില്‍ എത്തിയത്. കൊച്ചു കുട്ടികളും മാളികപ്പുറങ്ങളും അയ്യപ്പന്മാര്‍ക്കൊപ്പമുണ്ട്. പുലര്‍ച്ചെ മൂന്നു മണിക്കു നട തുറന്നപ്പോള്‍ ദര്‍ശനത്തിനായി അയ്യപ്പന്മാരുടെ വലിയ നിര വലിയ നടപ്പന്തലിലും സോപാനത്തും ഇടംപിടിച്ചിരുന്നു. രാവിലെ അഭിഷേകം, ഗണപതിഹോമം, ഉഷപൂജ എന്നിവ നടന്നു. സവിശേഷമായ നെയ്യ് അഭിഷേകം നടത്തി മനം നിറഞ്ഞാണ് തീര്‍ഥാടകര്‍ മടങ്ങിയത്.
ദേവസ്വം ബോര്‍ഡിന്റെ അന്നദാന മണ്ഡപത്തില്‍ ഭക്ഷണം സൗജന്യമായി നല്‍കുന്നതിന് ഏര്‍പ്പെടുത്തിയിട്ടുള്ള ക്രമീകരണം തീര്‍ഥാടകര്‍ക്ക് വലിയ അനുഗ്രഹമാണ്. തീര്‍ഥാടകര്‍ എത്തുന്ന മുറയ്ക്ക് ഉപ്പുമാവും കടല കറിയും ചെറു ചൂടുള്ള കുടിവെള്ളവും രാവിലെ ഇവിടെ വിതരണം ചെയ്തു. സന്നിധാനത്ത് ഏര്‍പ്പെടുത്തിയിട്ടുള്ള പൊലീസിന്റെ സുരക്ഷാ ക്രമീകരണം തീര്‍ഥാടകര്‍ക്ക് വലിയ സഹായമായി മാറിയിട്ടുണ്ട്. തിരക്കേറുമ്പോള്‍ സാധാരണ അയ്യപ്പന്മാര്‍ തളര്‍ന്ന് വീഴാറുണ്ട്. എന്നാല്‍, പൊലീസിന്റെ ക്രമീകരണം മൂലം ദര്‍ശനത്തിനായി അധികസമയം തീര്‍ഥാടകര്‍ക്ക് കാത്തു നില്‍ക്കേണ്ടി വരുന്നില്ലെന്നതും ശ്രദ്ധേയമാണ്. ദര്‍ശനം നടത്തി വഴിപാടുകള്‍ കഴിച്ച് നെയ്യ് അഭിഷേകവും നടത്തിയാണ് അയ്യപ്പന്മാര്‍ മടങ്ങുന്നത്. അപ്പം, അരവണ എന്നിവയുടെ വിതരണത്തിനായി കൂടുതല്‍ കൗണ്ടറുകള്‍ സജ്ജമാക്കിയിട്ടുണ്ട്.
നിയന്ത്രണം മറികടന്ന് സന്നിധാനത്തേക്ക് പോകാന്‍ ശ്രമിച്ചതിന് അറസ്റ്റ് ചെയ്ത കെ പി ശശികലയ്ക്ക് ജാമ്യം അനുവദിച്ചു. മരക്കൂട്ടത്ത് വച്ച് ഇന്നലെ പുലര്‍ച്ചെയാണ് ശശികലയെ അറസ്റ്റ് ചെയ്തത്. 5 മണിക്കൂര്‍ തടഞ്ഞു നിര്‍ത്തിയതിന് ശേഷവും പിന്‍മാറാന്‍ തയ്യാറാകാതെ വന്നതോടെയാണ് അറസ്റ്റിലേക്ക് കടന്നത്. പുലര്‍ച്ചെ രണ്ട് മണിയോടെ അവരെ കരുതല്‍ തടങ്കലിലെടുത്ത് പമ്പയിലേക്ക് മാറ്റി. രണ്ടരയോടെ പൊലീസ് വാഹനത്തില്‍ റാന്നി പൊലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. ശശികലയെ വീണ്ടും സന്നിധാനത്തേയ്ക്ക് എത്തിയ്ക്കണമെന്ന് ആവശ്യപ്പെട്ട് രാവിലെ എട്ട് മണിയോടെ റാന്നി പൊലീസ് സ്‌റ്റേഷന് മുന്നില്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.

പ്രശ്‌നസാധ്യത കണക്കിലെടുത്താണ് ശശികലയെ കരുതല്‍ തടങ്കലിലാക്കിയത്. ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെ ശശികലയെ തിരുവല്ല സബ് ഡിവിഷനല്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ കൊണ്ടുവന്നു. 25,000 രൂപയുടെ ബോണ്ടും രണ്ട് ആള്‍ ജാമ്യത്തിലും തിരുവല്ല സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് ജാമ്യം അനുവദിക്കുകയായിരുന്നു. അറസ്റ്റില്‍ പ്രതിഷേധിച്ച് സംഘപരിവാറും ബി ജെ പി യും നടത്തിയ ഹര്‍ത്താലില്‍ ശബരിമലയാത്രക്കാരും ഏറെ വലഞ്ഞു.

കെ എസ് ആര്‍ റ്റി സിയും മറ്റ് വാഹനങ്ങളും നാമമാത്രമായ സര്‍വ്വീസുകള്‍ മാത്രമാണ് നടത്തിയത്. ഇതുമൂലം തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ ഇന്നലെ കുറവാണ് അനുഭവപ്പെട്ടത്.