മൂന്നാര്‍: എ.കെ.ജി പരാമര്‍ശം നടത്തി വെട്ടിലായ തൃത്താല എം.എല്‍.എ വി.ടി ബല്‍റാമിന് പിന്തുണയുമായി ഷാഫി പറമ്പില്‍ എം.എല്‍.എ. ബിഷപിനെ നികൃഷ്ട ജീവിയെന്നും എന്‍.കെ.പ്രേമചന്ദ്രനെ പരനാറിയെന്നും രാഷ്ട്രപതിയായിരുന്ന അബ്ദുള്‍ കലാമിനെ ആകാശത്തിലേക്ക് വാണം വിടുന്നയാളെന്നും ആക്ഷേപിച്ചിട്ട് ഖേദം പ്രകടിപ്പിക്കാത്തവരാണ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാക്കളെന്ന് ഷാഫി പറമ്പില്‍ എം.എല്‍.എ. പറഞ്ഞു. ഡീന്‍ കുര്യാക്കോസ് നടത്തിയ ജനകീയ വിചാരണാ യാത്രയില്‍ സംസാരിക്കുമ്പോഴാണ് ഷാഫി പറമ്പില്‍ ബല്‍റാമിന് പിന്തുണയുമായി രംഗത്തെത്തിയത്.

സ്‌കൂള്‍ പ്രിന്‍സിപ്പലിനും തോട്ടം തൊഴിലാളി സ്ത്രീകള്‍ക്കും മറ്റേ പണിയാണെന്ന് ആക്ഷേപിച്ച മന്ത്രിയുമുളള പാര്‍ട്ടി ആക്രമിച്ചും ഭീഷണിപ്പെടുത്തിയും വി.ടി.ബല്‍റാമിനെക്കൊണ്ടു മാപ്പു പറയിക്കാമെന്നു കരുതേണ്ട. വി.എസ്. അച്ചുതാനന്ദനെ കാമഭ്രാന്തനെന്നു വിളിച്ച ഗണേഷ്‌കുമാറിനു വേണ്ടി വോട്ടു പിടിച്ച ഡി.വൈ.എഫ്.ഐ.ക്ക് അതിനുളള അര്‍ഹതയില്ലെന്നും ഷാഫി പറമ്പില്‍ മൂന്നാറില്‍ പറഞ്ഞു.

അതേസമയം, തൃത്താലയില്‍ ബല്‍റാമിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്. രാവിലെ പങ്കെടുത്ത സ്വകാര്യപരിപാടിക്കിടെ സി.പി.എം-കോണ്‍ഗ്രസ് പാര്‍ട്ടികള്‍ തമ്മില്‍ ഏറ്റുമുട്ടിയത് സംഘര്‍ഷത്തില്‍ കലാശിച്ചു. ഇരുകൂട്ടരും കല്ലേറ് തുടങ്ങിയതോടെ പൊലീസ് ഇരുകൂട്ടരേയും വിരട്ടിയോടിക്കുകയായിരുന്നു. എം.എല്‍.എയുടെ കാറിനുനേരെയും കല്ലേറുണ്ടായി. ബല്‍റാമിന്റെ കാറിന്റെ ചില്ല് തകര്‍ന്നു. ഇരുകൂട്ടരും പരസ്പരം കല്ലെറിഞ്ഞതോടെ പ്രദേശത്ത് സംഘര്‍ഷം മൂര്‍ച്ഛിക്കുകയായിരുന്നു.