കുട്ടികളോട് ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദിന്റെ വാല്‍സല്യം നേരത്തെ പ്രശസ്തമാണ്. കുട്ടികളോടും യുവാക്കളോടും സംസാരിക്കാന്‍ പ്രത്യേകം സമയം കണ്ടെത്താറുണ്ട് ഈ ആധുനിക ദുബൈ ശില്‍പി.

കഴിഞ്ഞ ദിവസം സോഷ്യല്‍മീഡിയയില്‍ വൈറലായത് ശൈഖ് മുഹമ്മദിന്റെ പ്രസംഗം അനുകരിച്ച് സംസാരിച്ച കൊച്ചു കുട്ടിയുടെ വിഡിയോയായിരുന്നു. മുഹ്‌റ അല്‍ഷേഹിയെന്ന ഒന്നാം ക്ലാസുകാരിയായിരുന്നു കഥയിലെ താരം. സോഷ്യല്‍മീഡിയയില്‍ വൈറലായ അനുകരണം ശ്രദ്ധയില്‍ പെട്ട ശൈഖ് മുഹമ്മദ് തന്നെ കുട്ടിയെ കാണണമെന്ന് താല്‍പര്യം പ്രകടിപ്പിച്ചു.

ഷെയ്ഖ് മുഹമ്മദിന്റെ മനസ് കീഴടക്കി പിഞ്ചുകുട്ടിയുടെ അനുകരണം

താല്‍പര്യം പ്രകടിപ്പിച്ച് ഒരു ദിവസം തികയും മുമ്പ് തന്നെ വീട്ടിലെത്തി മുഹ്‌റയെ കണ്ട ഭരണാധികാരി ആ വാക്ക് പാലിക്കുകയും ചെയ്തു. മുഹ്‌റ സ്‌കൂള്‍ അസംബ്ലിയില്‍ അവതരിപ്പിക്കാനിരുന്ന പരിപാടിയുടെ റിഹേര്‍സലായിരുന്നു സോഷ്യല്‍മീഡിയയില്‍ വൈറലായത്. ഷാര്‍ജ പബ്ലിക് സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ് കുട്ടി.

ശൈഖ് മുഹമ്മദിന്റെ മടിയിലിരുന്നു കുശലം പറയുന്ന മുഹ്‌റയുടെ വിഡിയോ വൈറലായിട്ടുണ്ട്.